കാസർകോട്: ഉപ്പളയിൽ വീണ്ടും കവർച്ചാ സംഘത്തിന്റെ വിളയാട്ടം. പട്ടാപ്പക്കൽ വീട്ടിൽ കയറിയ യുവതിയും യുവാവും കത്തിമുനയിൽ നിർത്തി വീട്ടമ്മയുടെ സ്വർണ്ണ വള കവർന്നു. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ ഉപ്പള സ്‌കൂളിന് സമീപം അഞ്ചിക്കട്ടയിലെ ഹമീദിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വെള്ള നിറത്തിലുള്ള സ്‌കൂട്ടറിലെത്തിയ യുവതിയും യുവാവും ഉമ്മ ഉണ്ടോ എന്ന് ചോദിച്ച് വീട്ടിനകത്ത് കയറുകയായിരുന്നുവത്രെ. ബന്ധുവായ അഫീദയോടാണ് ഇവർ ഉമ്മ ഉണ്ടോ എന്ന് തിരക്കിയത്. ഹമീദിന്റെ മുത്തശ്ശി ആസ്യമ്മ വിശ്രമിക്കുന്ന മുറി കാട്ടിക്കൊടുക്കുകയുംചെയ്തു. ഹെൽമറ്റ് ധരിച്ചായിരുന്നു യുവാവ് ഉണ്ടായിരുന്നത്. ആസ്യമ്മയുടെ അരികിലെത്തിയ യുവാവ് അരയിൽ പ്ലാസ്റ്റിക്ക് കവറിലായി സൂക്ഷിച്ച കത്തിയെടുത്ത് ആസ്യമ്മക്ക് നേരെ ചൂണ്ടുകയും കഴുത്തിലും കാതിലുമുള്ള സ്വർണ്ണാഭരണങ്ങൾ ഊരി നൽകാൻ ആവശ്യപ്പെടുകയുമായിരുന്നുവത്രെ. ഇത് കണ്ട് പേടിച്ചുവിറച്ച അഫീദ കയ്യിൽ അണിഞ്ഞിരുന്ന ഒന്നര പവൻ സ്വർണ്ണ വള ഊരി നൽകുകയായിരുന്നു. അതിനിടെ യുവാവിന്റെ കൂടെയുണ്ടായിരുന്ന പർദ്ദ ധരിച്ച സ്ത്രീ വീട്ടിനകത്ത് നിന്ന് പുറത്തേക്ക് വീക്ഷിച്ചുകൊണ്ടിരുന്നു. അടുക്കളയിലുണ്ടായിരുന്ന ഫഹാന ശബ്ദം കേട്ട് എത്തുകയും കവർച്ചാ സംഘത്തെ കണ്ട് ബഹളം വെക്കുകയായിരുന്നു. അതിനിടെയാണ് യുവതിയും യുവാവും വളയുമായി സ്‌കൂട്ടറിൽ കടന്നുകളഞ്ഞത്. ഇരുവരും ഹിന്ദിയിലാണ് സംസാരിച്ചതെന്നാണ് വീട്ടുകാർ പറയുന്നത്. മഞ്ചേശ്വരം പൊലീസ് എത്തി പരിസരത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കവർച്ചക്കെത്തിയവരെ കണ്ടെത്താനായില്ല. കവർച്ച സംഘത്തിന്റെ വിളയാട്ടം പൊലീസിന് തലവേദനയായിട്ടുണ്ട്. മഞ്ചേശ്വരത്തും ഹൊസങ്കടിലും ഉപ്പളയിലും കവർച്ച സംഘം നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്. രണ്ടാഴ്ച്ച മുമ്പ് ഹൊസങ്കടിയിൽ ഇലക്‌ട്രോണിക്സ് കടയിൽ നിന്ന് 15,000 രൂപ കവരുകയും കടക്ക് തീവെക്കുകയുമുണ്ടായി. കുഞ്ചത്തൂരിലെ പരേതനായ എം.കെ.ഇ. അബ്ബാസിന്റെ വീട്ടിൽ നിന്ന് 20 പവൻ സ്വർണ്ണാഭരണങ്ങൾ കവച്ച ചെയ്യുകയുമുണ്ടായി. ഇത് കൂടാതെ കഴിഞ്ഞ ആറ് മാസത്തിനിടെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ ചെറുതും വലുതുമായ 15ലേറെ കവർച്ചകളാണ് നടന്നത്. വ്യാപാരികളും നാട്ടുകാരും വലിയ ഭീതിലാണ് കഴിയുന്നത്. ഇത്രയും കവർച്ചകൾ ഉണ്ടായിട്ടും കേസിൽ തുമ്പുണ്ടാക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. മഞ്ചേശ്വരം, കുമ്പള പൊലീസ് രാത്രികാല പരിശോധന ശക്തമാക്കിട്ടുണ്ട്.