മാഹി: കലയും സാഹിത്യവും സംസ്കാരവും പാർശ്വവൽക്കരിക്കപ്പെടുകയാണെന്ന് നോവലിസ്റ്റ് എം. മുകുന്ദൻ അഭിപ്രായപ്പെട്ടു. അലിയാൻസ് ഫ്രാൻസേസിന്റെ ആഭിമുഖ്യത്തിൽ ഫ്രഞ്ച് മലയാളം ഇംഗ്ലീഷ് ഭാഷാ മൾട്ടിമീഡിയ ബുക്കിന്റെ പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫ്രഞ്ച് ഭാഷക്ക് ഏറെ ശാഠ്യങ്ങളുണ്ട്. ആർക്കും എളുപ്പം കീഴ്‌പ്പെടുത്താനാവില്ല ഉച്ഛാരണം തന്നെ ക്ലേശകരമാണ്. കേട്ടു തന്നെ പഠിക്കണം. അധികാരികളുടെ അവഗണനയുണ്ടെങ്കിലും, ഫ്രഞ്ച് ഭാഷ മയ്യഴിയിൽ മരിക്കില്ല. ഫ്രഞ്ച് ഭാഷയോടുള്ള ആത്മബന്ധം ഓരോ മയ്യഴിക്കാരന്റെയും ശരീരത്തിലും മനസ്സിലും അള്ളിപ്പിടിച്ച് കിടപ്പുണ്ടെന്ന് മുകുന്ദൻ ചുണ്ടിക്കാട്ടി
മുൻ എം.എൽ.എ ഡോ. വി.രാമചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശ്രീ നാരായണ ബി.എഡ്.കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അലിയാൻസ് ഫ്രാൻസേസ് പ്രസിഡന്റ് അഡ്വ: സൈറാ സതീഷ് ആദ്യ പ്രതി ഏറ്റുവാങ്ങി. ഇംഗ്ലീഷ്ഭാഷാപണ്ഡിതനും, മാഹി മഹാത്മാഗാന്ധി ഗവ. കോളജ് റിട്ട. പ്രിൻസിപ്പളുമായ ഡോ. ആന്റണി ഫെർണ്ണാണ്ടസും, റിട്ട. ഫ്രഞ്ച് ലക്ചറർ സ്റ്റാൻലി ഡിസിൽവയും ചേർന്നാണ് ബഹുഭാഷാ ഗ്രന്ഥം തയ്യാറാക്കിയത്.
പ്രൊഫ. ഇ. ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മേലദ്ധ്യക്ഷൻ ഉത്തമരാജ് മാഹി പുസ്തക പരിചയം നടത്തി. മുതിർന്നഫ്രഞ്ച് അദ്ധ്യാപകൻ രാഘവൻ കൈനാടത്ത് ഉൾപ്പടെ ഫ്രഞ്ച് അദ്ധ്യാപകരെ ചടങ്ങിൽ ആദരിച്ചു. ഫാദർ വിൻസന്റ് പുളിക്കൽ, ചാലക്കര പുരുഷു, പാട്യം വിശ്വനാഥ് സംസാരിച്ചു.
സി.എച്ച്. പ്രഭാകരൻ സ്വാഗതവും ഡോ. ആന്റണി ഫർണാണ്ടസ്സ് നന്ദിയും പറഞ്ഞു.
ചിത്രവിവരണം: അലിയാൻസ് ഫ്രാൻസേസിന്റെ ആഭിമുഖ്യത്തിൽ ഫ്രഞ്ച് മലയാളം ഇംഗ്ലീഷ് ഭാഷാ മൾട്ടിമീഡിയ ബുക്ക് നോവലിസ്റ്റ് എം. മുകുന്ദൻ പുസ്തക പ്രകാശനം ചെയ്യുന്നു