cheru
ചെറുവാഞ്ചേരി ടൗണിലെ ഗതാഗതകുരുക്ക്

ചെറുവാഞ്ചേരി: ചെറുവാഞ്ചേരി ടൗണിൽ ഗതാഗതക്കുരുക്ക് കാരണം ജനങ്ങൾ പൊറുതിമുട്ടുന്നു. പകൽനേരങ്ങളിൽ കടുത്ത ഗതാഗത തടസമാണ് പൊതുവേ വീതികുറഞ്ഞ റോഡുള്ള ചെറുവാഞ്ചേരി ടൗണിൽ അനുഭവപ്പെടുന്നത്. വാഴമലയിലെ ക്രഷറുകളിൽ നിന്നും കരിങ്കല്ലുകളുമായി ടോറസ് ലോറികൾ ഇതുവഴിയാണ് കൂത്തുപറമ്പ് വലിയവെളിച്ചത്തിലേക്ക് പോകുന്നത്.

പുലർച്ചെ മുതൽ രാത്രി ഏറേ വൈകുംവരെ ഇത്തരം ലോറികൾ ചെറിയ ടൗണായ ചെറുവാഞ്ചേരി വഴി ചീറിപായുകയാണ്. കൂടാതെ ഇരുപതോളം ബസുകൾ സ്റ്റാൻഡായി നിർത്തിയിടുന്നതും ചെറുവാഞ്ചേരിയിലെ റോഡരികിൽ തന്നെയാണ്. ബസ് സ്റ്റാൻഡില്ലാത്തതു കാരണമാണ് റോഡരികിൽ ബസുകൾ നിർത്തിയിട്ടു ആളെ കയറ്റുകയും ഇറയ്ക്കുകയും ചെയ്യുന്നത്. സമയമാകുന്നതുവരെ ദീർഘനേരം ബസ് നിർത്തിയിടുന്നതു കാരണം മറ്റുവാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ഇതിനെല്ലാംപുറമെ കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യുന്നത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പൊതുവെ വീതികുറഞ്ഞ ടൗണിൽ വാഹനങ്ങൾ തലങ്ങും വിലങ്ങും ലക്ഷ്യമായി നിർത്തിയിടുന്നത് മിക്ക ദിവസങ്ങളിലും റോഡിൽ തടസം സൃഷ്ടിക്കുകയാണ്.

മൂന്ന് ഭാഗത്തേക്ക് വഴിയുള്ള ടൗണിൽ ഗതാഗതം നിയന്ത്രിക്കാൻ പൊലീസ് സംവിധാനമില്ലെന്നാണ് നാട്ടുകാരുടെ പരാതി. കൊട്ടിയൂർ ഉത്സവത്തോടനുബന്ധിച്ച് കോഴിക്കോട് ഭാഗത്തുനിന്നുള്ള ദീർഘദൂര യാത്രക്കാർ കൂടിയതോടെയാണ് ഗതാഗതതടസം രൂക്ഷമായത്. കുറ്റിയാടി, നാദാപുരം, പാറാട്, ചെറുവാഞ്ചേരി, കണ്ണവം വഴി കൊട്ടിയൂരിലേക്കുള്ള എളുപ്പമാർഗമാണിത്.

പാർക്കിംഗാണ് വില്ലൻ
റോഡിന്റെ ഇരുവശങ്ങളിലും നിർത്തിയിടുന്ന വാഹനങ്ങളാണ് ചെറുവാഞ്ചേരി ടൗണിൽ ഗതാഗതക്കുരുക്ക് കഠിനമാക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. ഗതാഗതം നിയന്ത്രിക്കാൻ അടിയന്തരമായി പൊലീസ് സംവിധാനം ഏർപ്പെടുത്തണമെന്ന് ഇവർ ആവശ്യപ്പെടുന്നു. ഓട്ടോറിക്ഷകളും മറ്റ് ടാക്‌സി വാഹനങ്ങളും ബസുകളും നിർത്തിയിടുന്നത് റോഡരികിലാണ്. അനധികൃത പാർക്കിംഗിനെതിരെ നടപടി ശക്തമാക്കാൻ കണ്ണവം പൊലീസ് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.