
കണ്ണൂർ: പച്ചക്കറി വില കുതിച്ചുയർന്നതോടെ കുടുംബ ബഡ്ജറ്റ് താളം തെറ്റിയതിന്റെ അങ്കലാപ്പിലാണ് സാധാരണക്കാർ. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ വിലയിൽ ഇരട്ടി വർദ്ധനവാണ് പച്ചക്കറികൾക്കുണ്ടായത്. തമിഴ്‌നാട്ടിൽ വെള്ളം കയറി കൃഷി നശിച്ചതും കർണാടകത്തിലെ മഴയും ഇന്ധന വിലക്കയറ്റവുമാണ് വില കുത്തനെ കയറാനിടയാക്കിയതെന്ന് കച്ചവടക്കാർ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ ഒരു കിലോ തക്കാളിക്ക് പൊതുവിപണിയിൽ നൂറ് രൂപ വരെ എത്തിയിരുന്നു. കേരളത്തിലേക്ക് തക്കാളി എത്തികൊണ്ടിരുന്നത് കർണാടകയിലെ മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്നാണ്. എന്നാലിപ്പോൾ കേരളത്തിലേക്ക് തക്കാളിയെത്തിക്കുന്നത് മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നുമാണ്.
തമിഴ്‌നാട്ടിൽ മഴ കാരണം കൃഷി കുറഞ്ഞതും പച്ചക്കറികൾ ഉൽപാദിപ്പിക്കാൻ സാധിക്കാത്തതും വില കൂടാൻ കാരണമായി. എൺപതു രൂപയുണ്ടായിരുന്ന ബീൻസ് 105 രൂപയിലെത്തി. കഴിഞ്ഞ ദിവസങ്ങളിൽ മല്ലിയിലക്ക് 40 രൂപ വർദ്ധിച്ച് 120 രൂപയിലെത്തിയിരുന്നു.എന്നാൽ ഇന്നലെ 20 രൂപ കുറഞ്ഞത് ആശ്വാസമായി. വലിയ ഉള്ളി, പടവലം, വെണ്ട വഴുതന തുടങ്ങിയവക്കും വില വർദ്ധിച്ചു. പയറിന് കിലോക്ക് 60 രൂപയുണ്ടായിരുന്നത് എൺപതു രൂപയെത്തി. ബീൻസിനും 20 രൂപയിലധികം വർധിച്ചു. ജില്ലയിൽ ബീൻസ്, പയർ എന്നിവ കിട്ടാനില്ലാത്ത സ്ഥിതിയാണ്.
കുതിക്കുന്നു അരിവില
പച്ചക്കറിയോടൊപ്പം അരിവിലയും ഉയർന്നു. ജയ അരിയ്ക്കും ആന്ധ്രയിൽ നിന്നുള്ള വെള്ള അരിക്കും ഏഴു രൂപ വരെ പലയിടങ്ങളിലും കൂടി. ഒരാഴ്ചക്കിടെ ചില്ലറ വിപണിയിൽ ജയ, സുരേഖ അരി ഇനങ്ങളുടെ വില ഏഴ് രൂപ വരെ കൂടി. ആന്ധ്ര പ്രദേശിൽ നിന്ന് ജയ അരിയുടെ വരവ് കുറഞ്ഞതോടെ വിപണിയിൽ കിട്ടാനില്ലാത്ത സാഹചര്യമാണ്. ജയ അരിക്ക് സംസ്ഥാനത്തെ വില കിലോഗ്രാമിന് 39 രൂപ മുതൽ 42 രൂപ വരെയായിരുന്നു. ഇതേ അരി കഴിഞ്ഞ ആഴ്ച വില 34 രൂപ മുതൽ 38 രൂപ വരെയാണ്. സംസ്ഥാനത്ത് സുരേഖ അരി കിലോഗ്രാമിന് ഇപ്പോൾ വില 37 രൂപയാണ്. കഴിഞ്ഞ ആഴ്ച വില 33.50 രൂപയായിരുന്നു.
മൊത്തവില
പച്ചക്കറി പഴയവില പുതിയ വില
തക്കാളി 60 94
വലിയുള്ളി 17-20 17
വെണ്ട 45 47
പടവലം 30 45
കക്കിരി 25 37
ബീൻസ് 80 105
മല്ലിയില 80 100