ചെറുവത്തൂർ : കഴിഞ്ഞ ദിവസം ആഞ്ഞടിച്ച ചുഴലിക്കാറ്റാണ് ചെറുവത്തൂർ മുണ്ടക്കണ്ടം സ്വദേശിനി ശകുന്തളയുടെ ജീവിതം താളം തെറ്റിച്ചത്. കനത്തമഴയിൽ ആകെയുള്ള സമ്പാദ്യമായ വീടിന്റെ മേൽക്കൂര തകർന്നു വീഴുകയായിരുന്നു. ഭർത്താവ് ശശീധരനും പേരമകൾക്കും രക്ഷപ്പെടുന്നതിനിടെ പരിക്കേറ്റു. വീട്ടിലെ ഉപകരണങ്ങളെല്ലാം മഴതകർത്തു.
ഇപ്പോൾ അയൽപക്കത്തെ വീട്ടിൽ അഭയം തേടിയിരിക്കുകയാണ് ശകുന്തളയും രോഗിയായ ഭർത്താവും മൂന്നുമക്കളുമടങ്ങുന്ന കുടുംബം. മൂന്നുവർഷം മുമ്പ് വീട് അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനായി ചെറുവത്തൂർ ഗ്രാമപഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്ന് പറയുന്നു. വിധവകൾക്ക് മാത്രമാണ് ഇപ്പോൾ ധനസഹായം നൽകുന്നതെന്നാണ് ആറുമാസം മുമ്പ് നൽകിയ അപേക്ഷയുടെ മറുപടിയായി ലഭിച്ചതെന്ന് ശകുന്തള പറയുന്നു. ബീഡി പണി ചെയ്തിരുന്ന ശകുന്തള ആരോഗ്യപരമായ പ്രശ്നം കാരണമാണ് തൊഴിൽ ഉപേക്ഷിച്ച് കൂലിവേല ചെയ്തു തുടങ്ങിയത്.
18 വർഷം മുമ്പാണ് ആകെ കൂട്ടിക്കിട്ടിയ സമ്പാദ്യവും ലോണുമായി കൊച്ചുവീട് പണിതത്. ഹോട്ടൽത്തൊഴിലാളിയായിരുന്ന ഭർത്താവ് ശശീധരൻ വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലാണ്. ഇതിനിടയിലാണ് ഇരുട്ടടിയായി ആകെയുള്ള വീടും തകർന്നുവീണത്. ഇനി എന്തുചെയ്യണമെന്ന കാര്യത്തിൽ ഒരു നിശ്ചയവുമില്ല. കാലവർഷക്കെടുതിയിൽ പെടുത്തി സർക്കാരോ, ഉദാരമതികളോ കനിഞ്ഞെങ്കിലേ ഇനി ഈ കുടുംബത്തിന് പെരുവഴിയിൽ നിന്നും മോചനമുള്ളു.