മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എളുപ്പവഴിയായ മട്ടന്നൂർ കനാൽ റോഡ് തകർന്ന് വാഹന യാത്രികരുടെ നടുവൊടിയുന്നു. തലശേരി റോഡിൽ നിന്ന് മട്ടന്നൂർ ടൗൺ ഒഴിവാക്കി വിമാനത്താവളത്തിൽ എത്താവുന്ന റോഡ് നിരവധി യാത്രക്കാർ ഉപയോഗിക്കുന്നുണ്ട്. എന്നാൽ, റോഡിന്റെ ശോച്യാവസ്ഥയും വീതിക്കുറവും മൂലം യാത്ര ദുഷ്കരമാകുകയാണ്.
വിമാനത്താവളത്തിലേക്കുള്ള നിർദ്ദിഷ്ട ബൈപ്പാസ് റോഡ് കടന്നുപോകുന്നത് ഇതുവഴിയാണ്. മഴ തുടങ്ങിയതോടെ തകർന്ന റോഡിലെ കുഴികളിൽ വെള്ളം കെട്ടിക്കിടന്ന് അപകടഭീഷണി ഉയർത്തുകയാണ്. റോഡിലെ ഇടുങ്ങിയ കനാൽപ്പാലവും സ്ഥിരമായി അപകടം നടക്കുന്ന മേഖലയാണ്. കഴിഞ്ഞയാഴ്ച നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരിക്ക് മേൽ പാഞ്ഞുകയറിയിരുന്നു.
കനാലിന്റെ ഒരുവശത്ത് ചെറിയ കനാൽപ്പാലം വഴി വലിയ വാഹനങ്ങൾക്ക് കടന്നുപോകാനും കഴിയുന്നില്ല. 12 മീറ്ററെങ്കിലും വീതിയിൽ റോഡ് വികസിപ്പിച്ച് വിമാനത്താവളത്തിലേക്ക് ബൈപ്പാസ് റോഡായി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.
വികസിപ്പിക്കുന്ന ആറു റോഡുകളിൽ ഒന്ന്
റോഡ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി കെ.കെ. ശൈലജ എം.എൽ.എയും പൊതുമരാമത്ത്, നഗരസഭാ അധികൃതരും രണ്ടുമാസം മുൻപ് സ്ഥലം സന്ദർശിച്ചിരുന്നു. വിമാനത്താവളത്തിലേക്ക് വികസിപ്പിക്കുന്ന ആറു റോഡുകളിൽ ഉൾപ്പെട്ടതാണിത്. കനാലിന് സമീപത്തുകൂടിയുള്ള റോഡ് വീതി കൂട്ടി നവീകരിക്കുന്നതിന് സർവേ നടത്തിയിരുന്നു. നഗരത്തിലെ ഗതാഗതക്കരുക്ക് കുറയ്ക്കാനും റോഡ് വികസനം സഹായകമാകും.