ആലക്കോട്: നഷ്ടത്തിൽ നിന്നും നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തി ജീവനക്കാരുടെ ശമ്പളം പോലും കൊടുക്കാൻ നിവൃത്തിയില്ലാതായിട്ടും കെ.എസ്.ആർ.ടി.സിക്ക് ലാഭകരമായി സർവ്വീസ് നടത്തിവന്ന റൂട്ടുകളോട് അയിത്തം. വർഷങ്ങളായി റെക്കാർഡ് കളക്ഷനിൽ സർവീസ് നടത്തിവന്ന ചീക്കാട് -ആലക്കോട് -കണ്ണൂർ റെയിൽവേ സ്റ്റേഷൻ ബസ് സർവീസ് കഴിഞ്ഞ രണ്ടു വർഷമായി നിലച്ചിരിക്കുകയാണ്.
ചീക്കാട് നിന്നും വെളുപ്പിന് 4.30 ന് സർവീസ് ആരംഭിച്ച് 6.30 ഓടെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തിച്ചേരുന്ന ബസിലെ യാത്രക്കാർക്ക് 6.45 നുള്ള പരശുറാം എക്‌സ്പ്രസ് ട്രെയിനിൽ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലേക്ക് യാത്ര ചെയ്യുവാനും സാധിച്ചിരുന്നു. ദൂരെ സ്ഥലങ്ങളിൽ ജോലിക്കും ആശുപത്രി, ഇന്റർവ്യൂ തുടങ്ങിയ ആവശ്യങ്ങൾക്കൊക്കെ പോകേണ്ടവർക്ക് ഏറെ പ്രയോജനപ്പെട്ടിരുന്ന ഈ സർവീസ് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തൊട്ടാകെ ബസ് സർവ്വീസുകൾ നിറുത്തിവച്ചതിനെത്തുടർന്ന് നിലയ്ക്കുകയായിരുന്നു. എന്നാൽ ജനജീവിതം സാധാരണ നിലയിലേയ്ക്ക് എത്തുകയും ബസ് സർവീസുകൾ വീണ്ടും ആരംഭിക്കുകയും ചെയ്തിട്ട് മാസങ്ങൾ പലതുകഴിഞ്ഞിട്ടും മലയോരത്തെ ജനങ്ങൾക്ക് ഏറെ ഗുണകരമായ ഈ സർവ്വീസ് നാളിതുവരെ തുടങ്ങിയിട്ടില്ല.
രാത്രി ബസും ഓടുന്നില്ല
രാത്രി 11 മണിയോടെ എക്സിക്യൂട്ടീവ് ട്രെയിനിൽ വരുന്ന യാത്രക്കാരുമായി കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽനിന്നും ആലക്കോട് ഭാഗത്തേയ്ക്ക് സർവ്വീസ് നടത്തിവന്നിരുന്ന കെ.എസ്.ആർ.ടി.സി ബസും കൊവിഡ് വ്യാപനത്തോടെ നിലച്ചിരുന്നു. ട്രെയിൻ സർവീസ് ഏറെക്കുറേ സാധാരണ നിലയിലായി നിരവധി യാത്രക്കാർ മലയോരത്തേക്കായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്നുണ്ടെങ്കിലും ഈ സർവ്വീസും തുടങ്ങിയിട്ടില്ല. ഈ റുട്ടുകളിലൊക്കെ സർവ്വീസ് പുനരാരംഭിച്ചാൽ യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്നതിനൊപ്പം കെ.എസ്.ആർ.ടി.സിക്ക് നല്ല വരുമാനവും ലഭിക്കുമെന്നാണ് പറയുന്നത്.