തൃക്കരിപ്പൂർ: സംഗീതത്തിന്റെ സകലതന്ത്രങ്ങളും പയറ്റി നാടകാസ്വാദകരെ തീയറ്ററനുഭവത്തിന്റെ മറ്റൊരു ലോകത്തേക്ക് നയിച്ച് തിരശീലയ്ക്ക് പിന്നിലേക്ക് എന്നെന്നേക്കുമായി മറഞ്ഞ പാരീസ് ചന്ദ്രൻ എന്ന ചന്ദ്രൻ വേയാട്ടുമ്മൽ തൃക്കരിപ്പൂരുകാരുടെ മനസ്സിൽ എന്നും മരിക്കാത്ത ഓർമ്മകളാണ് സമ്മാനിച്ചിട്ടുള്ളത്.
തൃക്കരിപ്പൂരിലെ കെ.എം.കെ. സ്മാരക കലാസമിതി, പ്രശസ്തഎഴുത്തുകാരൻ ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന പാലക്കാടൻ മണ്ണിന്റെ കഥ നാടകാവിഷ്കാരമാക്കാൻ ദീപൻ ശിവരാമനെന്ന സംവിധായകനെ ഏൽപ്പിച്ചപ്പോൾ അതിന്റെ സംഗീതം ചെയ്യാൻ ചന്ദ്രനാണ് നിയോഗം ഉണ്ടായത്. രാജസ്ഥാനിലും മുംബയിലും ബംഗളൂരുവിലും കേരളത്തിന്റെ വിവിധ ജില്ലകളിലും ദൃശ്യവിരുന്നായി നാടകം അരങ്ങു തകർത്തപ്പോൾ, നാടകത്തിലെ സംഗീതജ്ഞനെ അറിയാൻ കലാസ്നേഹികളുടെ അന്വേഷണമുണ്ടായി. ചന്ദ്രൻ വായാട്ടുമ്മലിന്റെ മാസ്മര സംഗീതവും നാടകത്തിന് ജനപ്രീതി ലഭിക്കുന്നതിന് മുഖ്യപങ്കുണ്ടായിരുന്നു.
ചൂട്ടുവെളിച്ചവുമായി ആത്മാക്കൾ സ്വന്തം സ്വപ്നഭൂമി തേടി വരുമ്പോൾ പശ്ചാത്തലത്തിൽ മുഴങ്ങുന്ന ബാങ്കുവിളിയിലെ സംഗീതം ആരുടെയും ഹൃദയം കവരുന്നതാണ്. അന്നുവരെ നിലനിന്നിരുന്ന തീയറ്റർ സംഗീതത്തെ നാടകത്തിലൂടെ പുനർനിർവചിക്കുകയായിരുന്നു ചന്ദ്രൻ. തൃക്കരിപ്പൂരിലെ അമ്മമാർ കുഞ്ഞിമക്കളെ പാടിയുറക്കിയ ഉറക്കുപാട്ടിനെ ചന്ദ്രേട്ടൻ ലോകത്തിന് പരിചയപ്പെടുത്തി.
ഇന്ത്യൻ തീയറ്റർ സംഗീതത്തിലെ തന്നെ വിസ്മയമായ ചന്ദ്രൻ യാതൊരു അവകാശവാദങ്ങളുമില്ലാതെ അർഹിക്കുന്ന പരിഗണനകൾ വേണ്ടത്ര ലഭിക്കാതെയാണ് പടിയിറങ്ങിയത്. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും ഇംഗ്ലണ്ടിലെ നാഷണൽ തീയറ്ററിലേക്കും ഫ്രാൻസിലേക്കും യാത്രചെയ്ത ഇദ്ദേഹം ലോകത്താകമാനമുള്ള നാടകാസ്വാദകരെ തന്റെ സ്വതസിദ്ധമായ സംഗീത വൈഭവം കൊണ്ട് വിസ്മയിപ്പിച്ചു. വ്യത്യസ്ത ഭാവങ്ങളിൽ പാടുന്നതിനും ഇന്ത്യയിലെയും പുറത്തെയും സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും അസാമാന്യമായ വൈദഗ്ധ്യം ഉണ്ടായിരുന്നു.
നേരത്തെ ദീപൻ ശിവരാമന്റെ സ്പൈനൽകോഡ് പിയർജിന്റ് തുടങ്ങിയ നാടകങ്ങൾക്കും സംഗീതം നൽകിയിട്ടുണ്ട്. ബയോസ്കോപ്പ് എന്ന സിനിമയുടെ സംഗീതത്തിന് സംസ്ഥാന അവാർഡ് ലഭിച്ചു. നിരവധി സിനിമകൾക്കും ഷോർട്ട് ഫിലിമുകൾക്കും സംഗീത സംവിധാനം നിർവ്വഹിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ അമേച്ചർ നാടകോത്സവത്തിൽ കെ.എസ്. പ്രതാപൻ സംവിധാനം നിർവ്വഹിച്ച നിലവിളികൾ മർമ്മരങ്ങൾ ആക്രോശങ്ങൾ എന്ന ശ്രദ്ധേയമായ നാടകത്തിന് സംഗീതം നൽകി.
ഏറെ നാളുകൾ തൃക്കരിപ്പൂരിൽ താമസിച്ച് തൃക്കരിപ്പൂരിന്റെ സംഗീതം തിരിച്ചറിഞ്ഞ് തൃക്കരിപ്പൂരുകാരുടെ മനസ്സിൽ ഇടംനേടിയ ചന്ദ്രന്റെ വിയോഗം ഏറെ ദുഃഖകരമാണ് കെ.എം.കെക്കും തൃക്കരിപ്പൂരിലെ കലാസ്വാദകർക്കും.