mullappally

കണ്ണൂർ: നടി ആക്രമിക്കപ്പെട്ട കേസ് സർക്കാർ തന്നെ അട്ടിമറിക്കുകയാണെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റും മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇരയ്‌ക്കൊപ്പം നിൽക്കേണ്ട സർക്കാർ തന്നെ കേസ് അട്ടമറിക്കുമ്പോൾ സാധാരണക്കാർക്ക് പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിൽ കഴിഞ്ഞ ആറു വർഷക്കാലമായി നടക്കുന്നത് കാട്ടു നീതിയെക്കാളും ഭീകരമായ അവസ്ഥയാണ്. കാട്ടു നീതിയെന്ന് പറഞ്ഞാൽ കാട്ടുമൃഗങ്ങൾ പോലും പ്രതിഷേധിക്കുന്നത്രയും നീതിനിഷേധവും അനാഥത്വവുമാണ് പൊലീസ് വകുപ്പിൽ നില നിൽക്കുന്നത്. സംസ്ഥാനത്ത് നിയമവാഴ്ച നഷ്ടപ്പെടുകയും നിയമപാലകർ നിയമം കൈയിലെടുക്കുകയും ചെയ്യുകയാണ്. ഇതു പോലെ അരാജകത്വമുള്ള ആഭ്യന്തര വകുപ്പ് ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല.- മുല്ലപ്പള്ളി പറഞ്ഞു.