മട്ടന്നൂർ: മട്ടന്നൂർ ബസ് സ്റ്റാൻഡിന് സമീപത്തെ ഐ മാളിൽ പ്രവർത്തിക്കുന്ന കെ.ഷമീമിന്റെ ഉടമസ്ഥതയിലുള്ള എ.എം. ട്രേഡേഴ്‌സിൽ തീപ്പിടിത്തം. ഇന്നലെ രാവിലെ ആറോടെ പുക ഉയരുന്നത് കണ്ട സമീപവാസികൾ അഗ്നിരക്ഷാ വിഭാഗത്തെ വിവരം അറിയിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ ടി.വി.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ അഗ്നി രക്ഷാ വിഭാഗമെത്തി കടയുടെ ഷട്ടർ തുറന്ന് തീയണച്ചു. സിഗരറ്റ്, ബിസ്ക്കറ്റ് തുടങ്ങിയ സാധനങ്ങളുടെ മൊത്ത,ചില്ലറ വിൽപന സ്ഥാപനമാണിത്. കൗണ്ടറും ഒരു ഭാഗത്ത് വെച്ചിരുന്ന സാധനങ്ങൾ മുഴുവനും കത്തിനശിച്ചു.30,000 രൂപയും കത്തി നശിച്ചിട്ടുണ്ട്. ആകെ അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് നിഗമനം.