കാസർകോട്: ശാരീരികാതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സഹായവും പിന്തുണയും നൽകാനുള്ള പദ്ധതിയായ വൺ സ്റ്റോപ്പ് സെന്ററിന്റെ പുതിയ കെട്ടിടം ആഗസ്റ്റ് 15ന് ഉദ്ഘാടനം ചെയ്യും. കാസർകോട് അണങ്കൂരിൽ ഇരുനിലക്കെട്ടിടത്തിന്റെ അവസാനഘട്ട പണികൾ പുരോഗമിക്കുകയാണ്. ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ വനിതാ സംരക്ഷണ ഓഫീസിന്റെ വിവിധ പ്രവർത്തനങ്ങളും പദ്ധതികളും അവലോകനം ചെയ്തു.
വനിതാ ശിശു വികസന വകുപ്പ് ജില്ലാ വനിതാ ശിശു സംരക്ഷണ ഓഫീസ് നടപ്പാക്കുന്ന വിവാഹ പൂർവ കൗൺസിലിംഗ് പദ്ധതിയായ ചേർച്ചയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്ന സാഹചര്യത്തിൽ നടപ്പുവർഷം മൂന്ന് മാസത്തിലൊരിക്കൽ ജില്ലയിൽ ചേർച്ച കൗൺസിലിംഗ് പരിപാടി സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനിച്ചു. വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് സർക്കാർ തലത്തിലോ സർക്കാർ അംഗീകാരമുള്ളതുമായ വിവാഹ പൂർവ കൗൺസിലിംഗിൽ പങ്കെടുക്കേണ്ടത് നിയമപരമാക്കുന്നതിന് ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യുന്നതിന് പ്രൊപ്പോസൽ സമർപ്പിക്കാനും തീരുമാനമായി.
ജില്ലയിലെ വിധവകളുടെ സമഗ്ര ഉന്നമനത്തിനും സംരക്ഷണത്തിനുമായി ജില്ലാ ഭരണകൂടത്തിന്റെയും വനിതാ ശിശു വികസന വകുപ്പ് വനിതാ സംരക്ഷണ ഓഫീസ് ജില്ലാതല സെല്ലിന്റെയും നേതൃത്വത്തിൽ നടപ്പാക്കുന്ന കൂട്ട് പദ്ധതിയിലേക്ക് കൂടുതൽ പേരെ ഉൾപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കും. താൽപര്യമുള്ളവർക്ക് കൂട്ട് വെബ്‌സൈറ്റിലോ കൂട്ട് ആപ്പിലോ രജിസ്റ്റർ ചെയ്യാം. പുരുഷൻമാർ നേരിട്ട് ഓഫീസിൽ അപേക്ഷ സമർപ്പിച്ചാലും പരിഗണിക്കും.
ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ്, എ.ഡി.എം എ.കെ രമേന്ദ്രൻ, ജില്ലാ നിയമസഹായ അതോറിറ്റി സെക്രട്ടറി ബി കരുണാകര, ജില്ലാ വനിതാ ശിശു വികസന ഓഫീസർ വി എസ് ഷിംന, ജില്ലാ വനിതാ സംരക്ഷണ ഓഫീസർ എം.വി സുനിത, വിവിധ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വൺ സ്റ്റോപ്പ് സെന്റർ
നിലവിൽ പ്രവർത്തനം താല്കാലിക കെട്ടിടത്തിൽ
പുതിയ സെന്ററിൽ ഒരേസമയം അഞ്ചു പേർക്ക് താമസിക്കാവുന്ന സൗകര്യം
മൾട്ടിപ്പർപ്പസ് ഹെൽപ്പർ, സെക്യൂരിറ്റി സ്റ്റാഫ് എന്നിവരുടെ ഒഴിവ് നികത്തും
കെട്ടിടത്തിൽ അനുബന്ധ സൗകര്യങ്ങളും ഒരുക്കും.
പടം...
അണങ്കൂർ ടി വി സ്റ്റേഷനു സമീപം ഒരുങ്ങുന്ന വൺ സ്റ്റോപ് സെന്റർ.