നീലേശ്വരം: സൈറ്റുകൾ തുറക്കാനാകാത്തതിനാൽ ലാൻഡ് വെരിഫിക്കേഷൻ ആനുകൂല്യത്തിന് അപേക്ഷിക്കാനും മറ്റും അക്ഷയ സെന്ററുകളിൽ പോയി കർഷകർക്ക് മണിക്കൂറുകളോളം കാത്തു കിടക്കേണ്ടി വരുന്നു. അക്ഷയ സെന്ററുകളിലെത്തുന്ന കർഷകരോട് കംപ്യൂട്ടറിൽ സൈറ്റ് തുറക്കാൻ കാലതാമസം നേരിടുന്നു എന്നുള്ള മറുപടിയാണ് കിട്ടുന്നത്. സൈറ്റുകൾ തുറന്നാൽ തന്നെ ഡാറ്റ അപ്‌ലോഡ് ചെയ്യുന്നതിനും മറ്റും സാധിക്കാത്ത അവസ്ഥയുമുണ്ട്. ഇത് കർഷകരെ ഏറെ വിഷമിപ്പിക്കുകയാണ്.

അമ്പത് വയസ്സിന് മുകളിൽ പ്രായമായ കർഷകരാണ് പലപ്പോഴും അക്ഷയ സെന്ററുകളിൽ പോകുന്നത്. ഇവരാണെങ്കിൽ കംപ്യൂട്ടർ വശമില്ലാത്തവരും വിദ്യാഭ്യാസം കുറഞ്ഞവരുമാണ്. ചില കർഷകർ ആധാറും പാൻ കാർഡും തമ്മിൽ ലിങ്ക് ചെയ്തിട്ടുണ്ടെങ്കിലും ലിങ്ക് ചെയ്തിട്ടില്ല എന്ന കാരണം പറഞ്ഞ് അക്ഷയ സെന്ററുകളിൽ നിന്ന് വീണ്ടും ലിങ്ക് ചെയ്യാൻ പറഞ്ഞുവിടുന്നുമുണ്ട്. മൊബൈലിൽ മെസ്സേജ് പോലും വായിച്ചറിയാൻ പറ്റാത്തവരാണ് മിക്ക കർഷകരും. അതുകൊണ്ട് തന്നെ കർഷകർ വില്ലേജ് ഓഫീസ്, കൃഷിഭവൻ, അക്ഷയ സെന്ററുകൾ എന്നിവിടങ്ങളിൽ കയറിയിറങ്ങേണ്ട അവസ്ഥയാണുള്ളത്. സർക്കാർ ഓഫീസിലും അക്ഷയ സെന്ററുകളിൽ നിന്നും വരുന്ന പിഴവിന് വിഷമം അനുഭവിക്കുന്നത് പാവം കർഷകരാണ്. ഇവരെ സഹായിക്കാൻ ആരും മുന്നോട്ടു വരുന്നില്ലെന്ന പരാതിയുമുണ്ട്.

പിഴവ് കൃഷിഭവനിലും

കൃഷിഭവനുകൾ മുഖേന കർഷകരുടെ ഡാറ്റ ശേഖരിച്ചതിലും ഏറെ പിഴവുകളുണ്ട്. മൊബൈൽ നമ്പറും ആധാർ കാർഡും ലിങ്ക് ചെയ്തത് പരിശോധിക്കുമ്പോൾ ചില കർഷകരുടെ മൊബൈൽ നമ്പർ തെറ്റായി രേഖപ്പെടുത്തിയതായും കാണുന്നുണ്ട്. ഇങ്ങനെ തെറ്റായി മൊബൈൽ നമ്പർ രേഖപ്പെടുത്തിയ കർഷകരുടെ അപേക്ഷ സൈറ്റിൽ തുറക്കാനും പറ്റുന്നില്ലെന്ന് അക്ഷയ സെന്റർ ജീവനക്കാർ പറയുന്നു.