കണ്ണൂർ: കുടുംബശ്രീ ടേസ്റ്റി ഹോട്ടൽ സമരവുമായി ബന്ധപ്പെട്ട് മേയർക്കെതിരെ നടന്ന കൈയേറ്റത്തിനെതിരെ കൗൺസിൽ യോഗത്തിൽ പ്രമേയം അവതരിപ്പിച്ച് ഭരണപക്ഷം. പ്രമേയത്തിൽ രാഷ്ട്രീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചു. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ. ഷബിനയാണ് പ്രമേയം അവതരിപ്പിച്ചത്.

അതിനിടെ ടേസ്റ്റി ഹട്ട് ഹോട്ടലിന് സെൻട്രൽ മാർക്കറ്റിൽ മുറി അനുവദിക്കാനും കൗൺസിൽ തീരുമാനിച്ചു. മാർക്കറ്റ് കോംപ്ലക്‌സിലെ 27ാം നമ്പർ മുറി കുടുംബശ്രീക്ക് അനുവദിക്കും. കോർപ്പറേഷൻ ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട് പഴയ ഓഫീസിന് സമീപത്തെ ഹോട്ടൽ ഒഴിപ്പിച്ചതിനെ തുടർന്ന് പകരം സംവിധാനം ആവശ്യപ്പെട്ടായിരുന്നു കുടുംബശ്രീക്കാരുടെയും പ്രതിപക്ഷത്തിന്റെയും സമരം. ഇപ്പോൾ മാസം

7270 രൂപ വാടകയ്ക്കാണ് മുറി അനുവദിക്കുന്നത്. ഡെപ്പോസിറ്റ് തുകയിൽ നിന്ന് 75 ശതമാനം തുക ഇളവ് നൽകും. 6,25,000 രൂപ അടക്കണമെന്നും നിർദ്ദേശമുണ്ട്.

ഈ മാസം അഞ്ചിന് ടേസ്റ്റി ഹട്ട് കുടുംബശ്രീ ഹോട്ടലിന്റെ സമരത്തിന്റെ ഭാഗമായി മേയർ ടി.ഒ മോഹനനെ കൈയേറ്റം ചെയ്തുവെന്നും അപമാനിച്ചുവെന്നുമായിരുന്നു പ്രമേയത്തിൽ പറഞ്ഞത്. കൈയേറ്റം ചെയ്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

ഇതിൽ സി.പി.എമ്മിനെ കുറിച്ചുള്ള പരാമർശമാണ് പ്രതിപക്ഷ അംഗങ്ങളെ പ്രകോപിപിച്ചത്. തുടർന്ന് ഡെപ്യൂട്ടി മേയറെ സംസാരിക്കാനനുവദിക്കാതെ അംഗങ്ങൾ ബഹളം വയ്ക്കുകയായിരുന്നു. ഇടതുപക്ഷ കൗൺസിലർമാരായ എൻ. സുകന്യ, ടി. രവീന്ദ്രൻ, പി.കെ. അൻവർ എന്നിവർ എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചു. പ്രമേയത്തെ അഡ്വ. പി ഇന്ദിര പിന്താങ്ങി. യോഗത്തിൽ മേയർ അഡ്വ. ടി.ഒ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സുരേഷ്ബാബു എളയാവൂർ, പി.കെ രാഗേഷ് എന്നിവർ സംബന്ധിച്ചു.


ശുചീകരണം കടുപ്പിക്കും,

പ്ലാസ്റ്റിക്കിനെ തുരത്തും

മഴക്കാല ശുചീകരണ പ്രവർത്തനം കാര്യക്ഷമമാക്കാനും കോർപ്പറേഷൻ പരിധിയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ക്യാരിബാഗുകൾ പിടിച്ചെടുക്കാനും അവ വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനും കൗൺസിൽ യോഗം തീരുമാനിച്ചു. ഇതിനായി ആരോഗ്യ വിഭാഗത്തിന്റെ കീഴിലുള്ള സ്‌പെഷ്യൽ സ്‌ക്വാഡ് പരിശോധന നടത്തുവാനും മേയർ നിർദ്ദേശം നൽകി. മഴക്കാല ശുചീകരണ പ്രവർത്തനത്തിനായി ഓരോ ഡിവിഷനിലും 30,000 രൂപ അനുവദിച്ചതായും മേയർ പറഞ്ഞു.


കുടുംബശ്രീയുടെ നടപടി നാണിപ്പിക്കുന്നതാണ്. സി.പി.എമ്മും പ്രതിപക്ഷ കൗൺസിലർമാരും ഇതിന് ഒത്താശ ചെയ്യുകയായിരുന്നു.

കെ. ഷബിന, ഡെപ്യൂട്ടി മേയർ


കുടുംബശ്രീ അംഗങ്ങളെ സമരത്തിലേക്ക് തള്ളിവിട്ടത് മേയറാണ്. സമരം ഒത്തുതീർക്കാൻ യാതൊരു ശ്രമവും ഉണ്ടായില്ല. ഈ ഘട്ടത്തിലാണ് പ്രകോപനമായ അന്തരീക്ഷത്തിലേക്ക് സമരം മാറിയത്.

എൻ. സുകന്യ, എൽ.ഡി.എഫ് കൗൺസിലർ