കാഞ്ഞങ്ങാട്: അലാമിപള്ളി ബസ് സ്റ്റാൻഡിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് വാടക ഇളവ് നൽകാൻ സംസ്ഥാന സർക്കാറിന്റെ അനുമതി തേടാനുള്ള ഭരണപക്ഷത്തിന്റെ നീക്കത്തെ യു.ഡി.എഫ്, ബി.ജെ.പി കൗൺസിലർമാർ എതിർത്തു. തുടർന്നു നടന്ന വോട്ടെടുപ്പിൽ 17 നെതിരേ 21 വോട്ടുകൾക്ക്, വാടക ഇളവിന് സർക്കാറിനെ സമീപിക്കാനുള്ള പ്രതിപക്ഷ എതിർപ്പ് ഭരണപക്ഷം മറികടന്നു.

വൈദ്യുതി, വെള്ളം എന്നിവയുടെ സൗകര്യമൊരുക്കി നൽകാത്തതിനെ തുടർന്ന് 2021 ആഗസ്റ്റ് മുതൽ 2022 ഫെബ്രുവരി മാസം വരെയുള്ള കാലയളവിൽ ഒടുക്കിയ വാടക തുകയായ 2,23,972 രൂപ തിരിച്ചു തരണമെന്ന മടിക്കൈ സഹകരണ ബാങ്ക് ഭരണ സമിതി നഗരസഭ സെക്രട്ടറിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലുള്ള കത്ത് ഇന്നലെ നഗരസഭ കൗൺസിൽ യോഗത്തിൽ 22ാം അജണ്ടയായി വന്നതോടെയാണ്, സർക്കാർ അനുമതിക്ക് വിടണമെന്ന് എൽ.ഡി.എഫ് കൗൺസിലർമാർ ആവശ്യപ്പെട്ടത്. പതിനായിരം രൂപയ്ക്ക് മുകളിലുള്ള വാടക കുടിശ്ശിക ഒഴിവാക്കാനായി സംസ്ഥാന സർക്കാർ അനുമതി വേണമെന്ന നിയമമുള്ളത് കൊണ്ടാണ് വാടക ഇളവിനായി സർക്കാർ അനുമതിക്ക് വിടാൻ കൗൺസിൽ അനുമതി ഭരണപക്ഷം തേടിയത്. തുടർന്ന് പ്രതിപക്ഷ എതിർപ്പിനെ തുടർന്നാണ് അജണ്ട വോട്ടിനിട്ടത്.

നഗരസഭ വക കോട്ടച്ചേരി ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ ഒന്നാം നിലയിലെ എ വൺ, എ ടൂ മുറികൾ വേർതിരിക്കുന്ന ചുമർ മുറിച്ച് ഒറ്റ മുറിയാക്കാനുള്ള ലൈസൻസി അനിതയുടെ അപേക്ഷയും യു.ഡി.എഫ് കൗൺസിലർമാർ എതിർത്തു. നാൽപത് വർഷത്തോളം പഴക്കം ചെന്ന കോട്ടച്ചേരി ബസ് സ്റ്റാൻഡിൽ ഇത്തരത്തിൽ മുറികൾ പൊളിച്ചാൽ അത് ബസ് സ്റ്റാൻഡിനു തന്നെ അപകടമാകും എന്നു കാണിച്ച് യു.ഡി.എഫ് കൗൺസിലർമാർ നഗരസഭ സെക്രട്ടറിക്ക് വിയോജനക്കുറിപ്പും നൽകി.

കൗൺസിൽ യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത അദ്ധ്യക്ഷത വഹിച്ചു. ചർച്ചകളിൽ കെ.കെ ജാഫർ, ടി.കെ സുമയ്യ, അഷ്രഫ് ബാവനഗർ, സി.എച്ച് സുബൈദ, സെവൻസ്റ്റാർ അബ്ദുറഹ്മാൻ, ടി. മുഹമ്മദ് കുഞ്ഞി, കെ.കെ ബാബു, വി.വി രമേശൻ, എം. ബൽരാജ്, പി.വി മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.