
കാസർകോട്: കുമ്പള എക്‌സൈസ് ഓഫീസ് പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ചതടക്കം 12 ഓളം കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കുമ്പള കുണ്ടങ്കാരടുക്കയിലെ പ്രഭാകരൻ എന്ന അണ്ണി പ്രഭാകര (53) നെതിരെയാണ് കുമ്പള പൊലീസിന്റെ നടപടി. പ്രഭാകരൻ നിരവധി അബ്കാരി കേസുകളിൽ പ്രതിയാണ്. ഒരുമാസം മുമ്പാണ് കുമ്പള എക്‌സൈസ് ഓഫീസിനകത്ത് പെട്രോളൊഴിക്കുകയും പുറത്ത് നിർത്തിയിട്ട ജീപ്പ് തകർക്കുകയും ചെയ്തത്. ഈ കേസിൽ കുമ്പള പൊലീസ് ആശുപത്രിയിൽ നിന്ന് ബലപ്രയോഗത്തിലൂടെ കീഴടക്കിയ പ്രതി ഇതുവരെ ജയിലിലായിരുന്നു. രണ്ടാഴ്ചമുമ്പാണ് പുറത്തിറങ്ങിയത്. ആറ് മാസം മുമ്പ് കാസർകോട് എക്‌സൈസ് സ്‌ക്വാഡ് വീട്ടിൽ പരിശോധനക്കെത്തിയപ്പോൾ അക്രമിച്ചതിനും പ്രഭാകരനെതിരെ കേസുണ്ട്. മദ്യവിൽപ്പനക്കെതിരെ കുമ്പള എക്‌സൈസ് നടപടിക്കൊരുങ്ങിയ സാഹചര്യത്തിലാണ് നേരത്തെ പ്രഭാകര അക്രമം കാട്ടിയത്. എക്‌സൈസ് ഓഫീസിന്റെ ജനൽ വഴി പെട്രോൾ നിറച്ച പ്ലാസ്റ്റിക് കുപ്പി അകത്തേക്ക് വലിച്ചെറിയുകയായിരുന്നു.