തൃക്കരിപ്പൂർ: തൃക്കരിപ്പൂർ സബ് രജിസ്ട്രാർ ഓഫീസിനായി പണിത കെട്ടിടം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഓൺ ലൈനായി ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ തൃക്കരിപ്പൂർ പഞ്ചായത്ത് ടൗൺഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് അദ്ധ്യക്ഷത വഹിച്ചു.

ശിലാഫലകം അനാച്ഛാദനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ നിർവഹിച്ചു. വലിയ പറമ്പ പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവൻ, പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി, ജില്ലാ പഞ്ചായത്ത് മെമ്പർ എം. മനു, പഞ്ചായത്തംഗം സി. ചന്ദ്രമതി, വിവിധ പാർട്ടി പ്രതിനിധികളായ ബ്ലോക്ക് കെ.വി.വിജയൻ, എസ്. കുഞ്ഞഹമ്മദ്, എം. ഗംഗാധരൻ, ടി.വി. ഷിബിൻ, വി.കെ. ഹനീഫ ഹാജി, ടി. നാരായണൻ, ഇ. നാരായണൻ, വി.കെ. ചന്ദ്രൻ, ഇ.വി. ദാമോദരൻ, കെ. ജനാർദ്ദനൻ, സി.എച്ച്. റഹിം, പ്രസ് ഫോറം പ്രസിഡന്റ് എ. മുകുന്ദൻ എന്നിവർ സംസാരിച്ചു. ജില്ലാ രജിസ്ട്രാർ എം. ഹക്കിം സ്വാഗതവും സബ് രജിസ്ട്രാർ പി. രാജൻ നന്ദിയും പറഞ്ഞു.

98 ലക്ഷം രൂപയുടെ കിഫ്ബി ഫണ്ട് വിനിയോഗിച്ചാണ് പുതിയ കെട്ടിടം പണിതത്. 1910-ൽ പ്രവർത്തനമാരംഭിച്ച സബ് രജിസ്ട്രാർ ഓഫീസിന്റെ പ്രവർത്തനം 1996 വരെ സ്വകാര്യ കെട്ടിടത്തിലായിരുന്നു. തുടർന്ന് സ്വന്തം കെട്ടിടം പണിതെങ്കിലും സൗകര്യക്കുറവ് കാരണം വീർപ്പുമുട്ടുകയായിരുന്നു.