ഇരിട്ടി: പായം ഗ്രാമപഞ്ചായത്തിലെ വള്ളിത്തോട് നിർമ്മാണം പൂർത്തിയാക്കിയ കുടുംബാരോഗ്യ കേന്ദ്രം ഓൺലൈനായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ആർദ്രം മിഷന്റെ ഭാഗമായി മൂന്നാംഘട്ടത്തിൽ ജില്ലയിൽ 21 കുടുംബാരോഗ്യകേന്ദ്രങ്ങൾ കൂടി പ്രവർത്തനം തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു.
അഡ്വ. സണ്ണി ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ ഡെപ്യൂട്ടി ഡി.എം.ഒ ഡോ.വി.പി രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ഒ.പി ബ്ലോക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യനും ലാബ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധനും ഇമ്യൂണൈസേഷൻ ബ്ലോക്ക് പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം വിനോദ് കുമാറും മീറ്റിംഗ് ഹാൾ മുൻ പഞ്ചായത്ത് പ്രസിഡന്റ് എൻ അശോകനും ഉദ്ഘാടനം ചെയ്തു. ഷാരോൺ ഫെലോഷിപ്പ് ചർച്ച് ജനറൽ സെക്രട്ടറി പാസ്റ്റർ ജേക്കബ് ജോർജിനെ ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി പി രവീന്ദ്രൻ ആദരിച്ചു. പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, ജില്ലാ പഞ്ചായത്ത് അംഗം ലിസി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.