കൂത്തുപറമ്പ്: മഴ തിമിർത്ത് പെയ്യുമ്പോഴും കടുത്ത വേനലിലും പ്രാഥമിക ആവശ്യങ്ങൾക്കു പോലും ജലമില്ലാത്ത അവസ്ഥയിലാണ് കൂത്തുപറമ്പ് മിനി സിവിൽ സ്റ്റേഷനിലെ ജീവനക്കാർ. വിവിധ ഓഫീസുകളിൽ പ്രവർത്തിക്കുന്ന അമ്പതോളം ജീവനക്കാരാണ് വെള്ളമില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് കൂത്തുപറമ്പിൽ മിനി സിവിൽ സ്റ്റേഷൻ യാഥാർത്ഥ്യമായത്.
കോടികൾ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിൽ കുടിവെള്ള വിതരണത്തിനും പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. കുഴൽ കിണർ കുഴിച്ചാണ് വെള്ളം പമ്പ് ചെയ്തിരുന്നത്. എന്നാൽ മാസങ്ങളായി കെട്ടിടത്തിൽ വെള്ളമില്ലാത്ത അവസ്ഥയാണുള്ളത്. മോട്ടോർ കേടായതാണ് പമ്പിംഗ് മുടങ്ങാൻ കാരണമായതെന്നാണ് പറയുന്നത്. ലാൻഡ് ട്രിബ്യൂണൽ ഓഫീസ്, സംസ്ഥാന വാണിജ്യ നികുതി ഓഫീസ്, ആത്മ പ്രോജക്ട് കാര്യാലയം, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഓഫീസ് തുടങ്ങി നാല് ഓഫീസുകളാണ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്നത്.
ഇത്രയും പ്രധാനപ്പെട്ട ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് ആറ് മാസങ്ങളായി ജലക്ഷാമം അനുഭവപ്പെടുന്നത്. വിവിധ ആവശ്യങ്ങൾക്കും മറ്റുമായി നിരവധി പേരും ദിനംപ്രതി ഇവിടേക്ക് എത്തുന്നുണ്ട്.
പൊലീസ് സ്റ്റേഷൻ ആശ്രയം
പ്രാഥമിക കാര്യങ്ങൾക്കുൾപ്പെടെ ഉപയോഗിക്കാൻ വെള്ളമില്ലാതെ ബുദ്ധിമുട്ടുകയാണ് ജീവനക്കാരും, ഓഫീസിലെത്തുന്നവരും. താൽക്കാലിക ആവശ്യത്തിനുള്ള വെള്ളത്തിനായി അടുത്തുള്ള പൊലീസ് സ്റ്റേഷനെയാണ് ഇവർ ആശ്രയിക്കുന്നത്. കൂത്തുപറമ്പ് മിനി സിവിൽ സ്റ്റേഷനിലെ കുടിവെള്ള പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.