shinu
ഷിനു ചൊവ്വ പരിശീലനത്തിനിടെ

കൂത്തുപറമ്പ്: ലോക ശരീര സൗന്ദര്യ മത്സരത്തിൽ വീണ്ടും മാറ്റുരയ്ക്കാനുള്ള ഒരുക്കത്തിലാണ് മാങ്ങാട്ടിടം കുണ്ടേരി സ്വദേശിയായ ഷിനു ചൊവ്വ. ഇന്ത്യയെ പ്രതിനിധീകരിച്ച് ലോകത്തിന്റെ നെറുകയിൽ എത്താനുള്ള പരിശ്രമത്തിലാണ് ഈ മുൻ ഏഷ്യൻ ജേതാവ്.

മെൻസ് ഫിസിക്‌ വിഭാഗത്തിലാണ് ഇന്ത്യൻ ടീമിനു വേണ്ടി മാറ്റുരക്കുക. തായ്‌ലന്റിൽ നടക്കാനിരിക്കുന്ന ലോക ശരീരസൗന്ദര്യ മത്സരത്തിലും മാലിദ്വീപിൽ നടക്കുന്ന ഏഷ്യൻ ശരീരസൗന്ദര്യ ചാമ്പ്യൻഷിപ്പിലുമാണ് വീണ്ടും ഷിനു ചൊവ്വ മത്സരിക്കുക. ഹിമാചൽ പ്രദേശിൽ നടന്ന സെലക്ഷൻ ട്രയലിലാണ് ഷിനു ലോക മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

കൊവിഡ് കാലത്തെ പ്രതിസന്ധികൾ കാരണം കഴിഞ്ഞതവണ മത്സരത്തിൽ പങ്കെടുക്കാൻ ഷിനുവിന് സാധിച്ചിരുന്നില്ല. അഞ്ച് അന്താരാഷ്ട്ര മെഡലുകൾ സ്വന്തമാക്കിയ ഷിനു ഏറ്റവും കൂടുതൽ അന്തർദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മലയാളി, ഏറ്റവും കൂടുതൽ മെഡലുകൾ വാങ്ങിയ മലയാളി എന്നീ റെക്കോർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ഇത്തവണയും ഇന്ത്യയ്ക്കുവേണ്ടി ഗോദയിൽ ഇറങ്ങി തന്റെ ലക്ഷ്യം പൂർത്തിയാക്കാനുള്ള കഠിനപരിശ്രമത്തിലാണ് ഷിനു. ലോക ശരീരസൗന്ദര്യ മത്സരം നവംബറിലും ഏഷ്യൻ ചാമ്പ്യൻഷിപ്പ് ജൂലായിലും ആണ് നടക്കുക.