തലശേരി: തെയ്യം എന്നത് അനുഷ്ഠാനത്തിൽ അധിഷ്ഠിതമാണെന്നും അതിൽ നിന്ന് മാറി അതിന് നിലനിൽപ്പില്ലെന്നും ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. വിശ്വാസത്തിലധിഷ്ഠിതമാണ് ഈ കല. അതുകൊണ്ടാണ് തെയ്യം കലകളെ അതിന്റെ ആവാസവ്യവസ്ഥയിൽ തന്നെ നിലനിർത്തി സംരക്ഷിക്കണമെന്ന് പറയുന്നത്. വേഷം, മുഖത്തെഴുത്ത്, തോറ്റംപാട്ട് എന്നിവയെക്കുറിച്ച് ഇനിയുമേറെ പഠന ഗവേഷണങ്ങൾ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി, കണ്ണൂർ ജില്ലാ ക്രിയേറ്റീവ് ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ, എന്നിവയുടെ സഹകരണത്തോടെ തെയ്യം കലാ അക്കാഡമി ചൊക്‌ളി സി.പി. ഓറിയന്റൽ ഹൈസ്‌കൂളിൽ സംഘടിപ്പിച്ച 'വര വിളി' സാംസ്‌ക്കാരികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തെയ്യം കലാ അക്കാഡമി ചെയർമാൻ ഡോ: എ.പി. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ഇ. വിജയൻ, പ്രദീപ് ചൊക്ലി, എ. ശൈലജ, സി.കെ. രമ്യ, എൻ.എസ്. ഫൗസി, ഇന്ദു ചിന്ത സംസാരിച്ചു. പി.വി. ലവ് ലിൻ സ്വാഗതവും കെ. പ്രദീപ് നന്ദിയും പറഞ്ഞു. അടൂർ ഗോപാലകൃഷ്ണൻ തെയ്യം ഡോക്യുമെന്ററികൾ ചെയ്യുന്ന സംവിധായകരുമായി സംവാദം നടത്തി. ഗോപാലൻ കുടിയാൻമലയുടെ ഫോട്ടോ പ്രദർശനവും, ജയൻ മാങ്ങാടിന്റെ തെയ്യാട്ടം ഡോക്യുമെന്ററി പ്രദർശനവുമുണ്ടായി. ഇന്ന് വൈകിട്ട് 5.30ന് തെയ്യം ദാർശനിക തലം എന്ന വിഷയത്തിൽ വൈ.വി.കണ്ണൻ പ്രഭാഷണം നടത്തും. തുടർന്ന് ഡോക്യുമെന്ററി പ്രദർശനം നടക്കും.

തെയ്യത്തെ കൂടുതൽ അറിയാം

തെയ്യം കലാ അക്കാഡമിയുടെ ആസ്ഥാനമായ ചൊക്ലിയിൽ സംഘടിപ്പിച്ച ചതുർദിന 'വര വിളി' സാംസ്‌ക്കാരികോത്സവം നാടിന് അനുഷ്ഠാന കലകളോടുള്ള അഭിനിവേശവും, ഹൃദയാഭിമുഖ്യവും പ്രകടമാക്കി. പ്രഭാഷണങ്ങൾ, ഫോട്ടോ പ്രദർശനം, ഹ്രസ്വചിത്രപ്രദർശനം, ചുമർചിത്ര പ്രദർശനം, തെയ്യം മുഖത്തെഴുത്ത് പ്രദർശനം, തോറ്റംപാട്ട്, സംവാദം എന്നിവയുൾക്കൊള്ളുന്ന സംസ്‌കൃതിയിലേക്ക് ആസ്വാദകരെ ആനയിക്കുകയാണിവിടം. ദിനേശൻ വടക്കിനി, എം.എ. റഹ്മാൻ, കെ.കെ. മാരാർ, എം. മുകുന്ദൻ, വി.കെ. അനിൽകുമാർ, ജയൻ മാങ്ങാട്, വൈ.വി. കണ്ണൻ തുടങ്ങിയവർ പ്രഭാഷണങ്ങൾ നടത്തും.