judge
കൊട്ടിയൂരിൽ ദർശനത്തിനെത്തിയ സുപ്രീം കോടതി ജഡ്ജി സി.ടി.രവികുമാറിനെ ദേവസ്വം ചെയർമാൻ കെ.സി. സുബ്രഹ്മണ്യൻ നായർ പൊന്നാടയണിയിച്ച് സ്വീകരിച്ചപ്പോൾ

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ മൂന്നാമത്തെ ആരാധനയായ രേവതി ആരാധന ഇന്നലെ അക്കരെ സന്നിധിയിൽ നടന്നു. കോട്ടയം രാജവംശത്തിലെ തെക്കേ കോവിലകത്തുനിന്നുമാണ് കളഭാഭിഷേകത്തിനുള്ള സാധനങ്ങൾ എത്തിച്ചത്. രേവതി ആരാധനയുടെ ഭാഗമായി ഉച്ചയ്ക്ക് പൊന്നിൻ ശീവേലി, ആരാധനാ സദ്യ എന്നിവയും നടന്നു. രേവതി ആരാധനാ നാളായ ഇന്നലെ രാവിലെ മുതൽ ഭക്തജനങ്ങൾ അക്കരെ കൊട്ടിയൂരിലേക്ക് ഒഴുകിയെത്തുകയായിരുന്നു. നാല് ആരാധനകളിൽ അവസാനത്തേതായ രോഹിണി ആരാധന ബുധനാഴ്ച നടക്കും.

രേവതി ആരാധനാ നാളായ ഇന്നലെ സുപ്രീംകോടതി ജഡ്ജി സി.ടി. രവികുമാറും കുടുംബവും കൊട്ടിയൂരിൽ ദർശനത്തിനെത്തി. കൊച്ചി സ്വദേശിയായ രവികുമാർ ഇന്നലെ ഉച്ചയോടെയാണ് അക്കരെ സന്നിധിയിലെത്തി ദർശനം നടത്തിയത്. ക്ഷേത്രത്തിലെത്തിയ ജഡ്ജിയെ കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ.സി. സുബ്രഹ്മണ്യൻ നായർ പൊന്നാടയണിയിച്ച് സ്വീകരിച്ചു. ഒരു മണിക്കൂറോളം ക്ഷേത്രത്തിൽ ചെലവഴിച്ചാണ് അദ്ദേഹവും കുടുംബവും മടങ്ങിയത്.