തളിപ്പറമ്പ്: വിദ്യാർത്ഥിയെ പുഴയിൽ കാണാതായി. പട്ടുവം പരണൂലിലെ കെ. ആരോമലിനെ (14) നെയാണ് വെള്ളിക്കീൽ പുഴയിൽ കാണതായത്. തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും എസ്.എസ്.എൽ.സി പൂർത്തിയാക്കിയ വിദ്യാർത്ഥിയാണ്. കൺസ്ട്രക്ഷൻ വർക്കറായ കെ.എം.രമേശന്റെയും പട്ടുവം ഗ്രാമ പഞ്ചായത്തിലെ ആശാ വർക്കർ റീത്തയുടെയും മകനാണ്. വ്യാഴാഴ്ച വൈകുന്നേരം കൂട്ടുകാരോടൊത്ത് പുഴയിൽ അക്കരേക്ക് നിന്തി തിരിച്ച് നീന്തിവരുമ്പോൾ പുഴയിലെ നടുവിൽ മുങ്ങുകയായിരുന്നുവത്രെ.
ആരോമലിന്റെ കൂടെ നീന്തിയ രണ്ട് കൂട്ടുകാരെ പുഴയിൽ തോണിയിൽ മീൻ പിടിക്കാനെത്തിയവർ രക്ഷപ്പെടുത്തുകയായിരുന്നു. തളിപ്പറമ്പിൽ നിന്നും ഫയർഫോഴ്‌സും, പൊലീസും, മത്സ്യതൊഴിലാളികളും പുഴയിൽ രാത്രി വരെ തെരച്ചിൽ നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആനക്കീൽ ചന്ദ്രൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. കുഞ്ഞികൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ കെ. നാസർ എന്നിവർ സ്ഥലത്തെത്തിയിരുന്നു. ഇന്ന് രാവിലെ 6 മണിക്ക് വീണ്ടും തെരച്ചിൽ തുടരുമെന്ന് തളിപ്പറമ്പ് തഹസിൽദാർ പി. സജീവൻ അറിയിച്ചു.