കാസർകോട്: യൂണിയനുകളുടെയും ജനപ്രതിനിധികളുടെയും ഇടപെടലും സമ്മർദ്ദവും ഫലം കണ്ടില്ല, കെ.എസ്.ആർ.ടി.സി ജില്ലാ ഓഫീസ് ജൂൺ ഒന്നുമുതൽ കാഞ്ഞങ്ങാട്ടേക്ക് മാറ്റുമെന്ന് ഉറപ്പായി. ജില്ലാ ഓഫീസ് കാസർകോട്ട് നിന്ന് കാഞ്ഞങ്ങാട് ഡിപ്പോയിലേക്ക് മാറ്റിക്കൊണ്ടുള്ള ഉത്തരവ് ഗതാഗതവകുപ്പ് പുറത്തിറക്കി. ഗ്രൗണ്ട് ഫ്‌ളോർ ഉൾപ്പെടെ മൂന്ന് നില കമേഴ്സ്യൽ കോംപ്ലക്സ് കം ഡിപ്പോ ഉള്ള കാസർകോട് നിന്നാണ് ജില്ലാ ഓഫീസ് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ സബ് ഡിപ്പോ ഓഫീസിലേക്ക് മാറ്റുന്നത്. ഇതോടെ കാസർകോട് ഡിപ്പോയിൽ കാഷ് കൗണ്ടറും സർവീസ് ഓപ്പറേറ്റിംഗ് സെന്ററും മാത്രമായി പ്രവർത്തനം പരിമിതപ്പെടും.
കെ.എസ്.ആർ.ടി.സി ഹെഡ് ക്വാർട്ടേഴ്സ് ഡിപ്പോയിൽ നിന്നുള്ള എല്ലാ സേവനങ്ങളും അടുത്ത മാസം മുതൽ കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്നാകും ലഭ്യമാകുക. പൊതുജനങ്ങൾക്കുള്ള വിവിധ പാസുകൾ, വിദ്യാർത്ഥികളുടെ കൺസഷൻ കാർഡ് അപേക്ഷ നൽകൽ, കാർഡ് സ്വീകരിക്കൽ, ജീവനക്കാരുടെ ഓഫീസ് സംബന്ധമായ കാര്യങ്ങൾ തുടങ്ങിയവയ്ക്ക് കാഞ്ഞങ്ങാട് ഡിപ്പോയെ സമീപിക്കാം. എന്നാൽ മതിയായ ബസ് സൗകര്യം ഇല്ലാത്തത് ഇതുസംബന്ധിച്ച യാത്രക്ക് ബുദ്ധിമുട്ട് നേരിടാൻ ഇടവരുത്തും. കാസർകോട് ഭാഗത്തുനിന്ന് നേരിട്ട് ചെമ്മട്ടംവയൽ ഡിപ്പോയിലേക്ക് ബസ് സർവീസില്ല. മാവുങ്കാലിലും കാഞ്ഞങ്ങാടും ബസിറങ്ങിയാൽ ഉടൻ പോയി തിരിച്ചുവരണമെങ്കിൽ അമിത വാടക നൽകി ഓട്ടോയാത്ര നടത്തേണ്ടിവരും. ജീവനക്കാർക്ക് ഡ്യൂട്ടിക്കിടയിൽ ഓഫീസ് കാര്യങ്ങൾ നിർവഹിക്കുന്നതിനും തടസം നേരിടും. അന്തർ സംസ്ഥാനസർവീസ് ഓടിക്കുന്ന ഏറ്റവും കൂടുതൽ ബസ് സർവീസുകൾ ഉള്ള ഡിപ്പോയാണ് കാസർകോട്.
കെട്ടിടം വ്യാപാരാവശ്യങ്ങൾക്ക്
ജില്ലാ ഓഫീസ് പ്രവർത്തനം കാഞ്ഞങ്ങാട്ടേക്ക് മാറ്റുന്ന സാഹചര്യത്തിൽ കാസർകോട്ടെ കെ.എസ്.ആർ.ടി.സി കെട്ടിടം വ്യാപാരാവശ്യങ്ങൾക്ക് വിട്ടുകൊടുക്കും. കെ.എസ്.ആർ.ടി.സി കോംപ്ലക്സിൽ താഴത്തെ നിലയിലും ഒന്നാംനിലയിലുമായി 66 കടമുറികളാണ് ഉള്ളത്. ഒന്നാം നിലയിൽ 16,000 ചതുരശ്ര അടി വിസ്തീർണമുള്ള 4 ഹാൾ ഒഴിഞ്ഞുകിടക്കുകയാണ്. രണ്ടാം നിലയിലാണ് നിലവിൽ ജില്ലാ ഓഫീസ് പ്രവർത്തിക്കുന്നത്. ട്രെയിനിംഗ് റൂമും വിശ്രമമുറിയും അടക്കമുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. ഇതെല്ലാം വ്യാപാര ആവശ്യത്തിന് വിട്ടുകൊടുത്ത് വരുമാനം വർദ്ധിപ്പിക്കുകയെന്നതാണ് ജില്ലാ ഓഫീസ് മാറ്റത്തിന്റെ പ്രധാന ലക്ഷ്യം. അതേ സമയം ഇവിടത്തെ കച്ചവടക്കാർക്ക് വാടകനൽകാൻ കാഞ്ഞങ്ങാട്ടെ ഡിപ്പോയിലേക്ക് പോകേണ്ടിവരും.