തലശേരി: പ്രാണാ അക്കാഡമി ഒഫ് പെർഫോമിംഗ് ആർട്സ് ട്രസ്റ്റ് ഉദ്ഘാടനം 30ന് ജഗന്നാഥ ക്ഷേത്രാങ്കണത്തിൽ നടക്കും. വൈകിട്ട് 3.30 ന് പ്രശസ്ത വാദ്യകലാകാരന്മാരുടെ കേളികൊട്ടോടെ ചടങ്ങിന് തുടക്കമാകും. നാലരക്ക് നടക്കുന്ന സാംസ്ക്കാരിക സദസ് ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്യും. സംഗീത നാടക അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടിമാരാർ, സബ് കളക്ടർ അനുകുമാരി, പാലക്കാട്ടില്ലം ശിവപ്രസാദ് നമ്പൂതിരി, ഡോ. ചെറുതാഴം കുഞ്ഞിരാമ മാരാർ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. തുടർന്ന് മണിമേഖല ടീച്ചറും, ശിഷ്യരും അവതരിപ്പിക്കുന്ന മോഹിനിയാട്ട നൃത്താവിഷ്ക്കാരം. ഏഴിന് കലാമണ്ഡലം അഭിഷേക് കുഞ്ഞിരാമനും സംഘവും അവതരിപ്പിക്കുന്ന സംഗീത - വാദ്യസമന്വയം. എട്ടിന് കഥകളി. ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ രവീന്ദ്രൻ പൊയിലൂർ, പ്രാണാ മാനേജിംഗ് ട്രസ്റ്റിയും, നർത്തകിയുമായ മണിമേഖല , അജീഷ് നങ്ങാരത്ത്, സന്തോഷ് ചിറക്കര, ചാലക്കര പുരുഷു, അഭിരാമി ദേവദത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.