കാഞ്ഞങ്ങാട്: ഹെൽമെറ്റ് ധരിക്കാതെയുള്ള ഇരുചക്ര വാഹനയാത്രക്കാരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഓരോ മാസത്തേയും റോഡ് നിയമലംഘനങ്ങളുടെ പട്ടികയിൽ ഹെൽമെറ്റ് ധരിക്കാത്തവരുടെ എണ്ണമാണ് കൂടുതൽ. ഓരോ മാസവും കൂടുതൽ പിഴ ഈടാക്കുന്നതും ഹെൽമെറ്റ് ധരിക്കാത്തവരിൽ നിന്നാണ്. വിവിധ റോഡ് നിയമലംഘനവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് കേസുകളാണ് ആർ.ടി.ഒ ഏപ്രിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

എല്ലാ പ്രായത്തിലുള്ളവരും നിയമം ലംഘിച്ച് വാഹനമോടിക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നു. ബൈക്കിൽ രണ്ടിൽ കൂടുതലാളുകളെ ഇരുത്തിയുള്ള യാത്ര വളരെയേറെ അപകടം പിടിച്ചതാണ്. നഗരമദ്ധ്യത്തിലടക്കം ഇത്തരം കാഴ്ചകൾ സജീവമാണ്. രണ്ടിൽ കൂടുതലാളുകളുള്ള ബൈക്കിൽ കുട്ടികളെ ഇരുത്തിയുള്ള അപകട യാത്രയും ഏറേയുണ്ട്. ട്രിപ്പിൾ റൈഡിംഗിനും ഒട്ടനവധി കേസുകളാണ് ഓരോ മാസവും ആർ.ടി.ഒ രജിസ്റ്റർ ചെയ്യുന്നത്. സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും മൊബൈൽ ഫോൺ ഉപയോഗിച്ചതിനും കേസുകളുണ്ട്.

ഇൻഷ്വറൻസിലുമില്ല ശ്രദ്ധ

വാഹനങ്ങളുടെ ഇൻഷ്വറൻസ് തുകയടക്കാതെ സ്ഥിരമായി വാഹനം നിരത്തിലിറക്കുന്നവർ ധാരാളമുണ്ടെന്ന് ആർ.ടി.ഒ അധികൃതർ പറയുന്നു. ഒരുപാട് തവണ പിഴ ഈടാക്കിയിട്ടും ഇൻഷ്വറൻസിന്റെ കാര്യത്തിൽ വാഹനയുടമകൾ കാര്യമായ ശ്രദ്ധ പുലർത്താറില്ലത്രേ. ആയിരക്കണക്കിന് ഇൻഷ്വറൻസ് കേസുകൾ ഓരോ മാസവും സംസ്ഥാനത്ത് രേഖപ്പെടുത്തുന്നുണ്ട്. ഇൻഷ്വറൻസില്ലാത്തതിന് 2,000 രൂപയാണ് പിഴയായി നൽകേണ്ടത്. എന്നാൽ ഇൻഷ്വറൻസില്ലാത്ത ഒരു വാഹനം അപകടത്തിൽ പെടുകയോ യാത്രക്കാരിൽ ആർക്കെങ്കിലും പരിക്ക് പറ്റുകയോ ചെയ്താൽ വാഹനയുടമ കുടുങ്ങുമെന്നതിൽ സംശയമില്ല. കോടതി നിശ്ചയിക്കുന്ന തുക വാഹനയുടമ നൽകേണ്ടി വരും.


കുട്ടി ഡ്രൈവർമാർക്കും കുറവില്ല

18 വയസ് പൂർത്തിയാവാതെ വാഹനവുമായി പൊതുനിരത്തിലിറങ്ങുന്നവരുടെ എണ്ണവും ഒട്ടും കുറവല്ല. വാഹനാപകട മരണങ്ങളിലടക്കം ചെറിയ കുട്ടികൾ ഇരകളാവുന്നുണ്ട്. സ്‌കൂൾ, കോളേജ് സമയങ്ങളിലാണ് വിദ്യാർത്ഥികൾ വാഹനവുമായി കൂടുതൽ നിരത്തിലിറങ്ങുന്നത്. ഇത്തരക്കാരെ പിടിക്കാനായി സ്‌കൂളുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്താറുണ്ട്. കുട്ടി ഡ്രൈവർമാരുടെ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. കുട്ടികളുടെ രക്ഷിതാക്കൾ ഈ കാര്യത്തിൽ കൂടുതൽ ബോധവാന്മാരാകണമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.