club

പാലക്കുന്ന്( കാസർകോട്) : കേരള മാരിടൈം ബോർഡിന്റെ കീഴിൽ ജില്ലയ്ക്ക് അനുവദിച്ച സംസ്ഥാനത്തെ മൂന്നാമത്തെ അക്കാഡമി ഉദുമ പഞ്ചായത്തിൽ പാലക്കുന്നിലുള്ള കോട്ടിക്കുളം മർച്ചന്റ് നേവി കെട്ടിടത്തിൽ തുടങ്ങും. സാമുദ്രിക മേഖലയിലെ വിവിധ കോഴ്സുകൾ ഇവിടെ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് അക്കാഡമി തുറക്കുന്നത്.

ഇതിന് മുന്നോടിയായി ലാസ്‌കർ ലൈസെൻസ് നേടുന്നതിനുള്ള യോഗത്യ പരിശീലനം ജൂൺ ആദ്യവാരം തുടങ്ങും. ഉൾനാടൻ ജലയാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ പരിശീലനമാണ് നാല് ദിവസം നീളുന്ന ലാസ്‌കർ കോഴ്സിൽ നൽകുന്നത്. അക്കാഡമി തുടങ്ങുന്നതിനായി മർച്ചന്റ് നേവി ക്ലബ്ബിലെ സൗകര്യങ്ങൾ വിലയിരുത്താൻ കണ്ണൂർ അഴിക്കൽ പോർട്ട്‌ ഓഫീസർ ക്യാപ്റ്റൻ പ്രദീപ് കെ.ജി.നായർ, പോർട്ട്‌ ഉദ്യോഗസ്ഥനായ എം.റിജു എന്നിവർ വെള്ളിയാഴ്ച പാലക്കുന്നിലെത്തി ക്ലബ്‌ ഭാരവാഹികളുമായി ചർച്ച നടത്തി ധാരണയായി.

സി.എച്ച് .കുഞ്ഞമ്പു എം.എൽ.എയുടെ ഏറെ നാളത്തെ ശ്രമഫലമായാണ് ജില്ലയിൽ മാരിടൈം അക്കാഡമി അനുവദിച്ചത്.

കോഴ്സുകൾ ഇവ

സ്രാങ്ക്, ഫസ്റ്റ് ക്ലാസ് മാസ്റ്റർ, സെക്കൻഡ് ക്ലാസ് മാസ്റ്റർ, ഫസ്റ്റ് ക്ലാസ് എൻജിനീയർ, സെക്കന്റ്‌ ക്ലാസ് എൻജിനീയർ

മാരിടൈം അക്കാഡമി കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്‌ കെട്ടിടത്തിൽ തുടങ്ങുന്നത് കാസർകോട് ജില്ലയിലെ തീരദേശ മേഖലയിലെ ജോലി തേടുന്നവർക്ക് ഏറെ ആശ്വാസമായിരിക്കും. ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം അക്കാഡമിയുടെ ആസ്ഥാനം കോട്ടികുളത്തേക്ക് വരുന്നത് ആഹ്ലാദകരമാണ് .

പാലക്കുന്നിൽ കുട്ടി,​(പ്രസിഡന്റ് കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്‌)