
ഇരിട്ടി: അയ്യങ്കുന്ന് പഞ്ചായത്തിലെ മുടിക്കയത്ത് കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് സാരമായി പരിക്കേറ്റു. പരിക്കേറ്റ വെട്ടിക്കാട്ടിൽ സാബു (58) വിനെ കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് നാലരയോടെ സാബുവിന്റെ സ്വന്തം കൃഷിയിടത്തിൽ വെച്ചായിരുന്നു കാട്ടാനയുടെ അക്രമം. കനത്ത മഴയയിൽ റബർ തോട്ടത്തിലായിരുന്ന സാബു സമീപത്തെ തേക്കിൻ ചുവട്ടിലേക്ക് മാറി നിന്നപ്പോൾ ഇയാൾക്ക് നേരെ ഓടി അടുക്കുകയായിരുന്നു. നൂറുമീറ്ററോളം ഓടിയ സാബുവിനെ ഓട്ടത്തിനിടെ ആന തട്ടി വീഴ്ത്തുകയായിരുന്നു. സാബുവിന്റെ വാരിയെല്ലിനാണ് പരിക്കേറ്റത്.
ആനത്താവളമായി മുടിക്കയം
കാട്ടാനകൾ ആഴ്ചകളോളമായി താവളമാക്കിയിരിക്കുന്ന സ്ഥലമാണ് മുടിക്കയം മേഖല. കാട്ടാന ആക്രമണങ്ങൾ ചർച്ച ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം വനംവകുപ്പ് അധികൃതർ പങ്കെടുത്ത് ഇവിടെ ജനജാഗ്രതാ സമിതി യോഗം ചേർന്നിരുന്നു. തൊട്ട് പിന്നാലെയാണ് ഇപ്പോൾ പട്ടാപ്പകൽ കാട്ടാനയാക്രമണം നടന്നിരിക്കുന്നത്.