ഇരിട്ടി: കീഴൂർകുന്ന് പാലാപ്പറമ്പിൽ വൃദ്ധ ദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അക്രമം. എടക്കാനത്തെ മഠത്തിനകത്ത് ബേബി മേരി ദമ്പതികൾക്ക് പ്രളയത്തിൽ തകർന്ന വീടിനു പകരം സേവാഭാരതി നിർമ്മിച്ച് നൽകിയ വീടിനു നേരെയാണ് ആക്രമണം നടന്നത്. ബേബിയുടെ ഭാര്യ മേരി ഇരിട്ടി പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അക്രമണം.
ബേബിയുടെ തകർന്നു വീണ വീട് നിന്നിരുന്ന പറമ്പിൽ കഴിഞ്ഞ ദിവസം വാഴയും കമുങ്ങും കൃഷി ചെയ്യാനായി ജെസിബി കൊണ്ട് ജോലി ചെയ്തിരുന്നു. ഈ പറമ്പിൽ നിന്നും ചെളിയും വെള്ളവും റോഡിലേക്ക് ഒഴുകിവന്നിരുന്നു. ഇതിൽ ബൈക്ക് തെന്നി വീണു എന്ന കാരണം പറഞ്ഞാണ് വീടിനു നേരെ ആക്രമണമുണ്ടായതെന്ന് പറയുന്നു.


3 സ്റ്റീൽ ബോംബുകൾ കണ്ടെത്തി

പാനൂർ: പൊയിലൂർ മേപ്പാട് കുളങ്ങരത്ത് താഴെ വയൽ പരിസരത്ത് നിന്ന് ഉഗ്രസ്‌ഫോടക ശേഷിയുള്ള 3 സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൊളവല്ലൂർ സ്‌പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച വിവരത്തെ തുടർന്ന് എസ്.ഐമാരായ അഖിൽ, അജിത്ത്, സി.പി.ഒ സുനീഷ് എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്. വയലിൽ ചെളിയിൽ പുതഞ്ഞ നിലയിലായിരുന്നു ബോംബുകൾ. ബോംബ് സൂക്ഷിച്ചിടത്തു നിന്നും മഴയത്ത് ഒഴുകി ഇവിടേക്ക് വന്നതായിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം.