nattumav

കാസർകോട്: പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പിലിക്കോട് ഗ്രാമപഞ്ചായത്തിന്റെ പിന്തുണയോടെ തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ സ്‌കൂൾ വിദ്യാർത്ഥികളുടെ സഹകരണത്തോടെ നാട്ടുമാവിനങ്ങളുടെ മാങ്ങയണ്ടി ശേഖരിക്കുന്നു.ഇതോടൊപ്പം നാട്ടുമാവിൻ ജനിതക വിവര ശേഖരണവും നടത്തും.

പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾ പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ നാടൻ മാവിന ജനിതക സംരക്ഷണത്തിനായി വീട്ടുപറമ്പിലെ നാട്ടുമാവിന്റെ പേരും സ്വന്തം വിലാസവും സഹിതം സ്‌കൂളിൽ നൽകണം. ഒരു വിദ്യാലയത്തിൽ പരമാവധി 30,000 എണ്ണം മാങ്ങാ വിത്തുകൾ ശേഖരിക്കും. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഭരണം തുടങ്ങി ജൂൺ അവസാനത്തോടെ ശേഖരിച്ചുവെച്ച മുഴുവൻ മാങ്ങ അണ്ടികളും സ്‌കൂളുകളിൽ നിന്നും ശേഖരിക്കും. വിദ്യാർത്ഥികൾക്കുള്ള പ്രോത്സാഹനമായി ഒരു വിത്തിന് 50 പൈസ എന്ന നിരക്കിൽ പി. ടി.എ അക്കൗണ്ടിലേക്ക് നൽകും. ഏറ്റവും കൂടുതൽ മാങ്ങാവിത്ത് ശേഖരിക്കുന്ന വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും നൽകും. ഇതിന് പുറമെ സ്‌കൂളുകളിൽ നിന്നും തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഗ്രാഫ്റ്റിംഗ്, ബഡിംഗ് പരിശീലനം നൽകും.

നാട്ടുമാവിൻ മാങ്ങാ വിത്തുകൾ ശേഖരണ പരിപാടി ജൂൺ 3 ന് രാവിലെ 10ന് പിലിക്കോട് സി.കൃഷ്ണൻ നായർ മെമ്മോറിയൽ ജി.എച്ച്.എസ്.എസിൽ എം.രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. താത്പര്യമുള്ള സ്‌കൂളുകൾ പിലിക്കോട് പഞ്ചായത്ത് വിദ്യാഭ്യാസ കമ്മിറ്റി സെക്രട്ടറി ബാലകൃഷ്ണൻ നാറോത്ത് ഫോൺ 9400412064, ജയചന്ദ്രൻ ( ഹൈസ്‌കൂൾ എച്ച് എം ഫോറം സെക്രട്ടറി) ഫോൺ 9497601369 എന്നിവരുമായി ബന്ധപ്പെടണം.