നീലേശ്വരം: ഓടുമേഞ്ഞ വീടുകളിൽ ഓട്ടുറുമ പ്രാണികളുടെ ശല്യം രൂക്ഷമായി. ഇവയെ നശിപ്പിക്കാൻ കീടനാശിനി ഉപയോഗിച്ചാലും ഇവ എല്ലാം നശിച്ചുപോകാത്തതും വീട്ടുകാരുടെ ഉറക്കം കെടുത്തുന്നു.

കീടനാശിനി തളിച്ച് നിശ്ചിത സമയം കഴിഞ്ഞാൽ ഇവ വീണ്ടും ശക്തി പ്രാപിച്ച് വീട്ടിനുള്ളിൽ തിരിച്ചെത്തുകയാണ്. വീടിനുള്ളിൽ പുക ഇട്ടാലും ഇതു തന്നെയാണ് അവസ്ഥ. ആൾ താമസമില്ലാത്ത വീടുകളിലാണ് ഇവ കൂടുതൽ കാണുന്നതെങ്കിലും സന്ധ്യയോടെ തൊട്ടടുത്ത് താമസമുള്ള വീടുകളിലെയും ചുമരിന് പറ്റിപ്പിടിക്കുകയാണ് ചെയ്യുന്നത്. ക്രമേണ ഇവ ഭക്ഷണ സാധനങ്ങളിലേക്കും കിടക്കുന്ന ഭാഗത്തേക്കും പറ്റിപ്പിടിക്കുകയാണ് ചെയ്യുന്നത്. ഇവ ശരീരത്തിൽ പറ്റിപ്പിടിച്ചാൽ ചൊറിച്ചലുണ്ടാകുന്നതായും പറയുന്നു

മഴക്കാലം തുടങ്ങുമ്പോഴാണ് ഇവ കൂടുതലും പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ ഇവ വീട്ടിനുള്ളിലേക്ക് പ്രവേശിക്കാതിരിക്കാൻ വീടിന്റെ പുറത്തുള്ള ലൈറ്റിട്ട് അകത്തുള്ള ബൾബ് പ്രകാശിപ്പിക്കാതിരിക്കുകയാണ് മിക്കവരും ചെയ്യുന്നത്.