യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റ് ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ
കാസർകോട്: കെ.എസ്.ആർ.ടി.സി ജില്ലാ ഓഫീസ് കാസർകോട്ടുനിന്ന് കാഞ്ഞങ്ങാട്ടേക്ക് മാറ്റുന്നതിനെതിരെ സമരം ശക്തമാകുന്നു. ഇന്നലെ കാസർകോട് ഡിപ്പോയിൽ വിവിധ സംഘടനകളാണ് പ്രതിഷേധപ്രകടനം നടത്തിയത്.
ഓഫീസ് കാസർകോട്ട് തന്നെ നിലനിർത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.ഇ (സി.ഐ.ടി.യു) നേതൃത്വം രംഗത്തുവന്നു. ടി.ഡി.എഫ് പ്രതിഷേധപ്രകടനം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ കാസർകോട് ഡി.ടി.ഒ ഓഫീസിലേക്ക് മാർച്ച് നടത്തി. ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റു ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി പ്രദീപ്കുമാർ, ജില്ലാ ഭാരവാഹികളായ രതീഷ് കാട്ടുമാടം, ഇസ്മയിൽ ചിത്താരി, പ്രവർത്തകരായ ഷിബിൻ ഉപ്പിലിക്കൈ, എച്ച്.ആർ വിനീത് എന്നിവരെയാണ് കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
ജൂൺ ഒന്നുമുതലാണ് കെ.എസ്.ആർ.ടി.സി ജില്ലാ ഓഫീസ് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിൽ പ്രവർത്തനമാരംഭിക്കുന്നത്. ഓഫീസ് മാറ്റത്തിനുള്ള നടപടികളുമായി മുന്നോട്ടുപോകുമ്പോഴും കൊവിഡ് കാലത്തിന് മുമ്പുള്ള കെ.എസ്.ആർ.ടി.സി സർവീസുകൾ മുഴുവനും പുനരാരംഭിച്ചിട്ടില്ല. കൊവിഡിന് മുമ്പ് സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി കാസർകോട് ഡിപ്പോയിലെ അന്തർ സംസ്ഥാന ബസുകൾ ഉൾപ്പെടെ മുപ്പതോളം ബസുകളും കാഞ്ഞങ്ങാട് ഡിപ്പോയിലെ പതിനഞ്ചോളം ബസുകളും ഇനിയും സർവിസ് തുടങ്ങിയിട്ടില്ല. കൊവിഡ് കുറയുകയും പൊതുഗതാഗതം സാധാരണനിലയിലാകുകയും ചെയ്ത സാഹചര്യത്തിൽ മറ്റു ഡിപ്പോകളിലേക്ക് അടക്കം കൊണ്ടുപോയ ബസുകൾക്ക് പകരം ബസുകൾ എത്തിച്ച് മുഴുവൻ ബസ് സർവീസും പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.