പഴയങ്ങാടി: നെരുവമ്പ്രം ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിനെ പോളിടെക്‌നിക്കായി ഉയർത്തുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആർ ബിന്ദു പറഞ്ഞു. സ്‌കൂളിലെ പുതിയ വർക്ക്‌ഷോപ്പ്, ഡ്രോയിംഗ്ഹാൾ, ലാബ് കെട്ടിടങ്ങൾ എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കുകയാണ് സർക്കാർ. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധം ഉറപ്പിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. നൈപുണ്യവികസനത്തിനായി അസാപിന്റെ പ്രവർത്തനം എല്ലാ കലാലയങ്ങളിലും വ്യാപിപ്പിക്കും. വൈദഗ്ധ്യ പോഷണത്തിന് സാധ്യത ഒരുക്കിക്കൊണ്ടുള്ള പദ്ധതികൾ കലാലയങ്ങളിൽ തുടങ്ങിയതായും മന്ത്രി പറഞ്ഞു.

സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എം. വിജിൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.പി ഷാജിർ, ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ഗോവിന്ദൻ, ജില്ലാ പഞ്ചായത്തംഗം സി.പി ഷിജു, ഏഴോം പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.കെ വിശ്വനാഥൻ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. ടി.പി ബൈജുഭായി, ടെക്‌നിക്കൽ സ്‌കൂൾ സൂപ്രണ്ട് കെ. പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. പൊതുമരാമത്ത് കെട്ടിടവിഭാഗം അസി. എക്‌സിക്യുട്ടീവ് എൻജിനീയർ സി. പ്രഭാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു.