പയ്യന്നൂർ: എല്ലായ്പ്പോഴും തിരക്കേറിയ പഴയ ബസ് സ്റ്റാൻഡിന്റെ തെക്കു ഭാഗത്ത് ടാക്സി സ്റ്റാൻഡിനടുത്ത് ആളൊഴിഞ്ഞ ഭാഗത്ത് ശനിയാഴ്ച രാവിലെ പത്തു മണിയോടെ പെട്ടെന്ന് ബോംബു പൊട്ടുന്നതുപോലെ സ്ഫോടന ശബ്ദവും പുക ഉയരുന്നതും ശ്രദ്ധയിൽപെട്ട യാത്രക്കാരും ചുമട്ടുകാരും ഓട്ടോ ഡ്രൈവർമാരും ബസ് ജീവനക്കാരും നോക്കിയപ്പോൾ കാണുന്നത് ഒരു കൂട്ടം ആൾക്കാർ തമ്മിലുള്ള കൈയാങ്കളിയും സംഘർഷവും. അൽപമൊന്നമ്പരന്ന ശേഷം സംഘർഷത്തിൽ പലരും ഇടപെടുകയും ഇരുവിഭാഗത്തെയും പിടിച്ചുമാറ്റാൻ ശ്രമിക്കുകയും ചെയ്തു. അധികം വൈകാതെ സി.ഐ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ എസ്.ഐ. പി. വിജേഷ് അടക്കമുള്ള പൊലീസ് സംഘവും ഫയർ സ്റ്റേഷൻ സീനിയർ ഓഫീസർ പി. വിജയന്റെ നേതൃത്വത്തിലുള്ള അഗ്നിശമന സേനാംഗങ്ങളും ഇരച്ചെത്തി. സംഘർഷത്തിലേർപ്പെട്ടവരെ തൂക്കിയെടുത്ത് ജീപ്പിലിട്ടു. ബോംബേറിലും അടിപിടിയിലും പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക്.
പയ്യന്നൂർ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നു. സ്ഫോടനം നടന്ന സ്ഥലം റിബൺ കെട്ടി വേർതിരിക്കുന്നു. ബോംബ് സ്ക്വാഡും ബോംബ് സ്ക്വാഡിലെ നായ ഗൗരിയും സ്ഥലത്തെത്തി പരിശോധന നടത്തി. ചിതറിക്കിടക്കുന്ന സ്ഫോടക വസ്തുവിന്റെ ഭാഗങ്ങൾ ശേഖരിച്ചു.
വർഗീയ സംഘർഷങ്ങളുടെ പോലും സാദ്ധ്യത തള്ളിക്കളയാനാകാത്ത സാഹചര്യത്തിൽ, പെട്ടെന്ന് ഒരു ആപത്ഘട്ടമുണ്ടായാൽ പൊലീസും ഫയർഫോഴ്സും സന്നദ്ധ സ്ഥാപനങ്ങളായ ആശുപത്രികളും എത്രമാത്രം ജാഗരൂകരാണെന്ന പരിശോധനയുടെ ഭാഗമായി നടത്തിയ മോക്ഡ്രിൽ ആയിരുന്നു ഏതാനും നേരത്തേക്ക് ജനങ്ങളിൽ പരിഭ്രാന്തിക്കും പിന്നീട് കൗതുകത്തിനും ഇടയാക്കിയത്.
പയ്യന്നൂർ ഡിവൈ.എസ്.പി. കെ.ഇ. പ്രേമചന്ദ്രൻ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. വി. രമേശൻ, കൺട്രോൾ റൂം ഇൻസ്പെക്ടർ മുകുന്ദൻ,
എസ്.എച്ച്.ഒ മഹേഷ് കെ. നായർ, എസ്.ഐ. പി.വിജേഷ് തുടങ്ങിയവർ മോക്ഡ്രില്ലിന് നേതൃത്വം നൽകി.