തളിപ്പറമ്പ്: വിദ്യാഭ്യാസരംഗത്ത് പുതിയ ചുവടുവയ്പ്പായി തളിപ്പറമ്പിന്റെ ടേണിംഗ് പോയിന്റ്. മണ്ഡലത്തിന്റെ സമഗ്രവിദ്യാഭ്യാസ വികസന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ടേണിംഗ് പോയിന്റ്' എക്‌സ്‌പോ അറിവിന്റെ ജനകീയ ഉത്സവമായി. കണ്ണൂർ ഗവ. എൻജനീയറിംഗ് കോളേജിൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന കരിയർ ഗൈഡൻസ് എക്‌സ്‌പോ വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും, അദ്ധ്യാപകർക്കും, രക്ഷിതാക്കൾക്കും മികച്ച അവസരമായി.
വിദ്യാർത്ഥികൾക്ക് അഭിരുചികൾക്കനുസരിച്ച് പഠനമേഖലകൾ തിരഞ്ഞെടുക്കുന്നതിനും വിവിധ മേഖലകളിലെ സാദ്ധ്യതകൾ നേരിട്ടറിയുന്നതിനുമുള്ള അപൂർവ അവസരമാണ് എക്‌സ്‌പോ ഒരുക്കുന്നത്. നെട്ടൂർ എൻ.ടി.ടി.എഫിന്റെ സ്റ്റാളുകളിൽ വിദ്യാർത്ഥികൾ ഒരുക്കിയ നിർമ്മിതികൾ ശ്രദ്ധേയമായി. തൊഴിൽ രംഗത്തെ പുത്തൻ സാധ്യതകൾ പരിചയപ്പെടുത്തി 'ഭാവിയിലെ കരിയർ വഴികൾ' എന്ന വിഷയത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു വിദ്യാർത്ഥികളുമായി സംവദിച്ചു. വിദേശ ഉപരിപഠനത്തിന്റെ വേറിട്ട സാധ്യതകൾ ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വിദഗ്ദ്ധൻ ഡോ. ടി.പി സേതുമാധവൻ സംസാരിച്ചു.
മാദ്ധ്യമമേഖലയിലെ അവസരങ്ങളെയും വെല്ലുവിളികളെയും പരിചയപ്പെടുത്തി ജോൺ ബ്രിട്ടാസ് എം.പി സംസാരിച്ചു. വിജയപാഠങ്ങൾ എന്ന വിഷയത്തിൽ ഗ്രാൻഡ്മാസ്റ്റർ ജി.എസ് പ്രദീപും ഭാവിയിലെ നമ്മൾ എന്ന വിഷയത്തിൽ ഡോ. വി.പി.പി മുസ്തഫയും ആശയങ്ങൾ പങ്കുവെച്ചു. കേരളത്തിനകത്തും പുറത്തുമുള്ള കോളേജുകൾ, സർവകലാശാലകൾ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിവിൽ സർവീസ് അക്കാഡമി, ഇന്ത്യൻ ആർമി, ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം തുടങ്ങി അമ്പതിലധികം സ്റ്റാളുകളാണ് എക്‌സ്‌പോയിലുള്ളത്.
ടേണിംഗ് പോയിന്റ്' എക്‌സ്‌പോയിൽ നെട്ടൂർ എൻ.ടി.ടി.എഫിന്റെ സ്റ്റാളിൽ നിന്ന്