അഞ്ചരക്കണ്ടി: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡുകളിലൊന്നായ അഞ്ചരക്കണ്ടി- മട്ടന്നൂർ റോഡ് യാത്രക്കാർക്ക് അപകടക്കെണിയായി. അഞ്ചരക്കണ്ടി ജംഗ്ഷൻ മുതൽ വിമാനത്താവളം വരെ പത്തോളം കൊടുംവളവുകളാണുള്ളത്. ഇവിടെ മുന്നറിയപ്പ് ബോർഡുകളോ വേഗം നിയന്ത്രിക്കാൻ ഹംപോ ഡിവൈറുകളോയില്ല. ഇതുകാരണം ഈ റോഡിൽ വാഹനാപകടങ്ങൾ നിത്യസംഭവമായി മാറിയിരിക്കുകയാണ്. അപകടമരണങ്ങൾ വരെയുണ്ടായിട്ടും ഇനിയും ഉണർന്ന് പ്രവർത്തിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന പരാതി പ്രദേശവാസികൾക്കുണ്ട്.
ദൂരസ്ഥലങ്ങളിൽ നിന്നും വിമാനത്താവളത്തിലേക്ക് കണ്ണൂർ, തലശേരി ഭാഗങ്ങളിൽ നിന്നും വരുന്നവരാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്. റോഡിന്റെ വീതികുറവും വാഹനങ്ങളുടെ അമിതവേഗതയും പലപ്പോഴും അപകടങ്ങളെ ക്ഷണിച്ചുവരുത്തുകയാണ്. റോഡിന്റെ ഇരുവശങ്ങളിലും കാട് പടർന്നുപിടിച്ചതിനാൽ കാൽനടയാത്രക്കാർക്കും സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയുന്നില്ല. കഴിഞ്ഞ ദിവസം രാവിലെ മൈലാടി വളവിൽ നിയന്ത്രണംവിട്ട കാർ റോഡരികിലെ താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞുവെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
അടിതെറ്റിയതിൽ പൊലീസ് വണ്ടിയും
വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുന്ന അഞ്ചരക്കണ്ടി ജംഗ്ഷനിൽ പൊലീസ് വാഹനമുൾപ്പെടെ നേരത്തെ അപകടത്തിൽപ്പെട്ടിട്ടുണ്ട്. കീഴല്ലൂർ അണക്കെട്ടിന് സമീപമുള്ള കൊടുംവളവിൽ തന്നെയാണ് ബസ് കാത്തിരുപ്പ് കേന്ദ്രവും സ്ഥിതി ചെയ്യുന്നത്. വിമാനത്താവളത്തിലേക്ക് പോയിവരുന്ന വാഹനങ്ങൾ മാത്രമല്ല നിരവധി സ്വകാര്യബസുകളും കെ.എസ്.ആർ.ടി.സിയും ചെറുവാഹനങ്ങളും ഇതുവഴി സർവീസ് നടത്തുന്നുണ്ട്.
ഭീതി നിറച്ച് ടോറസുകളും
ഇതുകൂടാതെ ഇരിക്കൂർ, മാലൂർ ഭാഗങ്ങളിലെ ക്രഷറുകളിൽ നിന്നും വരുന്ന ടോറസടക്കമുള്ള വലിയ വാഹനങ്ങളും ഇതിലൂടെ തന്നെയാണ് ചീറിപാഞ്ഞു പോകുന്നത്. അപകടസാഹചര്യം കണക്കിലെടുത്ത് അടിയന്തരമായി ഈറോഡിൽ സുരക്ഷാക്രമീകരണങ്ങൾ പൊതുമരാമത്ത് വകുപ്പ് അധികൃതർ ഒരുക്കിയില്ലെങ്കിൽ ഇനിയും അപകടങ്ങൾ വർദ്ധിക്കുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക.