തലശേരി: ചൊക്ലി നിടുമ്പ്രം മടപ്പുര ക്ഷേത്രാങ്കണത്തിൽ തെയ്യം പെർഫോമിംഗ് ആൻ‌ഡ് റിസർച്ച് സെന്ററിന്റെ ആസ്ഥാന മന്ദിരത്തിന് പദ്ധതിയൊരുങ്ങുന്നു. ഇതിന്റെ ഭാഗമായുള്ള താൽക്കാലിക കാര്യാലയം പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. 2018-19 വർഷം അനുവദിച്ച തെയ്യം കലാ അക്കാഡമിയാണ് ഇവിടെ സ്ഥാപിക്കപ്പെടുന്നത്. ഇതിലേക്കായി 18 സെന്റ് സ്ഥലം സർക്കാറിന് കൈമാറി കഴിഞ്ഞു. തെയ്യം എന്ന അനുഷ്ഠാന കലയുടെ ബഹുസ്വരതയെ അടയാളപ്പെടുത്തുന്നതിനും, ഇതര കലകളിൽ തെയ്യത്തിന്റെ സ്വാധീനതയും, സാന്നിദ്ധ്യവും പഠനം നടത്തുന്നതിനാണ് സെന്റർ ലക്ഷ്യമിടുന്നതെന്ന് ചൊക്‌ളി സ്വദേശി കൂടിയായ തെയ്യം കലാ അക്കാഡമി ചെയർമാൻ ഡോ: എ.പി. ശ്രീധരൻ പറഞ്ഞു.
കേന്ദ്ര സർക്കാർ സ്ഥാപനമായ ആന്ത്രോപോളജിക്കൽ സർവേ ഒഫ് ഇന്ത്യയുമായി സഹകരിച്ച് തെയ്യത്തിന്റെ ചരിത്രപരതയും, പഠന ഗവേഷണവും നടത്താൻ ഉതകുംവിധത്തിൽ സെന്ററിനെ വിപുലീകരിക്കാനും പദ്ധതിയുണ്ട്. തെയ്യത്തിന്റെ ഒരു ലിവിംഗ് മ്യൂസിയം, ഡിജിറ്റൽ മ്യൂസിയം, പെർഫോമൻസ് സെന്റർ, ഇന്റർനാഷണൽ ഇന്ററാക്ഷൻ സെന്റർ എന്നിവയാണ് വിഭാവനം ചെയ്യുന്നത്. കഥകളി, കളരിപ്പയറ്റ് തുടങ്ങിയ കേരളീയ കലാരൂപങ്ങൾക്ക് തെയ്യം സ്വാധീനതയും, സാന്നിധ്യവും താരതമ്യം ചെയ്യപ്പെടും. മടപ്പുരക്ക് സമീപത്തായി കോട്ടയം രാജവംശത്തിന്റെ പ്രധാന ആരൂഢമായ ഇല്ലിക്കൽ തറവാട് സ്ഥിതി ചെയ്യുന്നുണ്ട്. 3.5 ഏക്കറിൽ പുരാതന കേരളീയ വാസ്തു കലാചാതുരിയിൽ 160 വർഷത്തിലധികം പഴക്കമുള്ള 6500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പുരാതന കൊട്ടാര സമുച്ഛയവും, അതിനോടനുബന്ധിച്ച നാഗക്കാവും, പൊന്നാമ്പൽ കുളവും, കളിത്തട്ടും അടങ്ങിയ ഇല്ലിക്കൽ തറവാട്ടിൽ ഇന്റർനാഷണൽ ഇന്ററാക്ഷൻ സെന്റർ കൊണ്ടുവരാനും ആലോചനയുണ്ട്. ഇതിന് കൊട്ടാരം അവകാശികളായ ചാന്ദ്‌നി ഭായ്, സി.കെ. ജലജഭായി എന്നിവർ നേരത്തെ സമ്മതമറിയിച്ചിരുന്നു.
ഒളവിലം പാത്തിക്കൽ പുഴയോരത്ത് വിശാലമായി പരന്ന് കിടക്കുന്ന പുറമ്പോക്ക് ഭൂമിയിൽ തെയ്യത്തിന്റേയും, ഇതര കലകളുടേയും ലിവിംഗ് മ്യൂസിയവും, ഡിജിറ്റൽ ആർക്കൈവും സ്ഥാപിക്കാനും ഉദ്ദേശിക്കുന്നുണ്ട്. പ്രാചീനമായ ഏറ്റവും വലിയ എക്കോ ടൂറിസം കേന്ദ്രമായിരുന്നു ചൊക്‌ളി. ഏഷ്യയിലെ ഏറ്റവും വലിയ ചൂരൽ വിപണന കേന്ദ്രവും ജൈവ വൈവിദ്ധ്യ കേന്ദ്രവുമായിരുന്നു ചൂരൽക്കാട് എന്ന പേരിലറിയപ്പെട്ട ഈ ഗ്രാമം. പാത്തിക്കൽ പുഴയോര പ്രദേശത്ത് നൂറ് ഏക്ര സ്ഥലത്ത് ഇക്കോ ടൂറിസം വ്യവസായ പാർക്കും സ്ഥാപിക്കുന്നുണ്ട്.