ഉടമസ്ഥനെ തിരിച്ചറിയാൻ കഴിഞ്ഞില്ല
കാസർകോട് : കരിഞ്ചന്തയിൽ വിൽക്കാൻ നഗരമദ്ധ്യത്തിലെ ഗോഡൗണിൽ അതീവരഹസ്യമായി സൂക്ഷിച്ച 200 ക്വിന്റൽ റേഷനരി സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പിടികൂടി. കാസർകോട് എം.ജി. റോഡിലെ ഹോട്ടലിന് പിറകിലെ ഷീറ്റ് കൊണ്ട് പൊതിഞ്ഞ കെട്ടിടത്തിലാണ് ക്വിന്റൽ കണക്കിന് റേഷനരി ചാക്കുകളിൽ അട്ടിവെച്ച നിലയിൽ കണ്ടത്തിയത്.
പച്ചരി, പുഴുക്കലരി, ഗോതമ്പ് എന്നിവ പ്ലാസ്റ്റിക് ചാക്കുകളിൽ തുന്നികെട്ടിയ നിലയിലാണ് സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ സപ്ലൈ ഓഫീസർ കെ.എൻ. ബിന്ദു, താലൂക്ക് സപ്ലൈ ഓഫീസർ കെ.പി.സജിമോൻ, റേഷൻ ഇൻ ചാർജ് ഓഫീസർമാരായ എൽ.വി .ശ്രീനിവാസൻ, കെ സഞ്ജയ്കുമാർ, ഡ്രൈവർ പി.ബി. അൻവർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഉച്ചക്കാണ് സ്ഥലത്ത് പരിശോധന നടത്തിയത്. കണ്ടെടുത്ത റേഷൻ സാധനങ്ങളെക്കുറിച്ച് തങ്ങൾക്ക് അറിവില്ലെന്ന് സമീപത്തെ കച്ചവടക്കാർ പറഞ്ഞു. ഉടമസ്ഥനെ കണ്ടെത്താൻ കഴിയാത്തതിനാൽ വൈകുന്നേരത്തോടെ അരിച്ചാക്കുകൾ വിദ്യാനഗറിലെ ഗോഡൗണിലേക്ക് മാറ്റിയതായി ജില്ലാ സപ്ലൈ ഓഫീസർ കെ.എൻ.ബിന്ദു 'കേരള കൗമുദി'യോട് പറഞ്ഞു.
മറിച്ചെടുത്തത് സൗജന്യ അരി
സൗജന്യ നിരക്കിലും മറ്റും റേഷൻ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യാനായി എത്തിച്ച അരിയാണ് മറിച്ചു വിൽപ്പനക്കായി കെട്ടിടത്തിൽ സൂക്ഷിച്ചത്. സ്വകാര്യ വ്യക്തികളുടെ ഗോഡൗണുകളിലേക്കും വിൽപ്പനകേന്ദ്രങ്ങളിലേക്കും മാറ്റാനാണ് ഇത്രയും അരി പൊതുവിതരണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാതെ സൂക്ഷിച്ചതെന്ന് കരുതുന്നു. അതേസമയം റേഷൻ കടകളിൽ നിന്നും വാങ്ങുന്ന 25, 35 കിലോ വീതമുള്ള അരിയും ഗോതമ്പും ഇവിടെ എത്തിച്ച് നൽകി മറ്റു സാധനങ്ങൾ വാങ്ങിച്ചു പോകുന്നതാണെന്നും സംശയിക്കുന്നുണ്ട്. നാളുകളായി ഇങ്ങനെ വാങ്ങിക്കൂട്ടിയ അരിയും ഗോതമ്പുമാകാം രഹസ്യമായി സൂക്ഷിച്ചുവച്ചതെന്നും സൂചനയുണ്ട്. ഇത് സംബന്ധിച്ച് വിശദമായി അനേഷണം നടത്തുമെന്ന് അധികൃതർ പറഞ്ഞു.