
കാസർകോട്: ഇരുപത്തിയെട്ടു വയസ്സായ ഒരു മകളെ കൊല ചെയ്തിട്ട് 'അമ്മ തൂങ്ങി മരിച്ച സംഭവം അത്യന്തം ദാരുണവും ഞെട്ടിക്കുന്നതുമാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി പറഞ്ഞു .എൻഡോസൾഫാൻ ഇരയായിരുന്ന മകളെ സംരക്ഷിക്കാൻ മാതാവിന് കഴിയാതെ വന്ന പാശ്ചാത്തത്തിലാണ് മകളെയും കൊന്നു അമ്മയും സ്വയം ജീവനൊടുക്കിയത് .ഇത് പോലുള്ള സംഭവ വികാസങ്ങൾ ജില്ലയിൽ കൂടുതൽ സ്ഥലങ്ങളിൽ വ്യാപിക്കാൻ പോകുകയാണെന്നും എം.പി പറഞ്ഞു.
ഈ സംഭവത്തിനും സംസ്ഥാന സർക്കാർ പൂർണ്ണ ഉത്തരവാദിയാണെന്നും എംപി കുറ്റപ്പെടുത്തി. ലിസ്റ്റിലുള്ള മുഴുവൻ പേർക്കും അർഹതപ്പെട്ട സഹായം അടിയന്തിരമായി നൽകാത്തപക്ഷം ഇനിയും പലരും ആത്മഹത്യയിലേക്കും മറ്റും അഭയം പ്രാപിച്ചേക്കാമെന്നും പാവങ്ങളായ എൻഡോസൾഫാൻ ഇരകളെ മരണത്തിലേക്ക് തള്ളി വിടാതിരിക്കാൻ സുപ്രീം കോടതി നിർദേശിച്ച പ്രകാരം മുഴുവൻ പേർക്കും സഹായം നൽകാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും മനപ്പൂർവമല്ലാത്ത നരഹത്യക്കു സംസ്ഥാന സർക്കാരിനെതിരെ കേസ് എടുക്കണമെന്നും എം പി ആവശ്യപ്പെട്ടു.