prathikal

കാസർകോട്: റിട്ട. പ്രഥമാദ്ധ്യാപികയായിരുന്ന ചീമേനി പുലിയന്നൂരിൽ പി.വി. ജാനകിയെ (65) കൊലപ്പെടുത്തി സ്വർണാഭരണവും പണവും കവർന്ന കേസിൽ ഒന്നും മൂന്നും പ്രതികളെ കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജീവപര്യന്തം കഠിന തടവിനും ഒന്നേകാൽ ലക്ഷം രൂപ വീതം പിഴയ്‌ക്കും ശിക്ഷിച്ചു. ഒന്നാം പ്രതി പുലിയന്നൂർ ചീർക്കുളം പുതിയ വീട്ടിൽ വിശാഖ് (27), മൂന്നാം പ്രതി പുലിയന്നൂരിലെ മക്ലിക്കോട് അള്ളറാട് വീട്ടിൽ അരുണി എന്ന അരുൺ (30) എന്നിവരെയാണ് ജില്ലാപ്രിൻസിപ്പൽ സെഷൻസ് ജഡ്ജി സി. കൃഷ്ണകുമാർ ശിക്ഷിച്ചത്. രണ്ടാം പ്രതി ചെറുവാങ്ങക്കോട്ടെ റിനീഷിനെ (28) വെറുതെ വിട്ടിരുന്നു.

പിഴത്തുക ജാനകിയുടെ ഭർത്താവ് കൃഷ്ണന് നൽകണം. പിഴയടച്ചില്ലെങ്കിൽ അധികതടവ് അനുഭവിക്കണം.

ശിക്ഷ കുറഞ്ഞതിനെതിരെയും രണ്ടാം പ്രതിയെ വെറുതെ വിട്ടതിനെതിരെയും സർക്കാർ അപ്പീലിന് പോകണമെന്ന് ശുപാർശ ചെയ്യുമെന്ന് പ്രോസിക്യൂഷനുവേണ്ടി ഹാജരായ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ. ദിനേശ് കുമാർ പറഞ്ഞു. അതേസമയം വിധിയിൽ തൃപ്‌തിയില്ലെന്ന് ജാനകി ടീച്ചറുടെ മക്കളും ബന്ധുക്കളും പ്രതികരിച്ചു.

 ഗുരുവിന്റെ കഴുത്തറുത്തു

2017 ഡിസംബർ 13ന് രാത്രി 9.30നാണ് മുഖംമൂടി ധരിച്ച് വീട്ടിലെത്തിയ സംഘം ജാനകിയെ കഴുത്തറുത്ത ശേഷം 17 പവനും 92,000 രൂപയും കവർന്നുവെന്നാണ് കേസ്. പ്രതികൾ വിറ്റ സ്വർണം പയ്യന്നൂർ, കണ്ണൂർ, മംഗളൂരു എന്നിവിടങ്ങളിലെ ജുവലറികളിൽ നിന്ന് കണ്ടെടുത്തിരുന്നു. നീലേശ്വരം സി.ഐയായിരുന്ന വി. ഉണ്ണിക്കൃഷ്ണനാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.