vishak

കാസർകോട്: 'ഒന്നും മനഃപൂർവ്വമല്ല, തെറ്റുപറ്റിപ്പോയി, വീട്ടിൽ പ്രായമായ അച്ഛനും അമ്മയുമാണുള്ളത്. അവരെ നോക്കാൻ ആരുമില്ല. ചെറിയ പ്രായമാണ്. ശിക്ഷയിൽ ഇളവ് തരണം..' ശിക്ഷ വിധിക്കുന്നതിന് മുമ്പ് അത് സംബന്ധിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന് കാസർകോട് ജില്ലാ സെഷൻസ് ജഡ്ജി സി.രാമകൃഷ്ണൻ ചോദിച്ചപ്പോൾ ഒന്നാം പ്രതി വിശാഖ് ബോധിപ്പിച്ചത് ഇങ്ങനെ ആയിരുന്നു.

'ഞാൻ ഗൾഫിൽ ആയിരുന്നു. വീട്ടിൽ അമ്മയെ നോക്കാൻ ആരും ഇല്ലാത്തതു കൊണ്ട് നാട്ടിൽ വന്നതാണ്. മനഃപൂർവം ആയിരുന്നില്ല. പറ്റിപോയതാണ്, മാപ്പാക്കണം.. മൂന്നാം പ്രതി അരുണി എന്ന അരുൺ ജഡ്ജിയോട് അഭ്യർത്ഥിച്ചു. ജഡ്ജി എഴുതി പൂർത്തിയാക്കിയതിന് ശേഷം അല്പം കഴിഞ്ഞു രണ്ടാമതും അരുൺ മാപ്പപേക്ഷ നടത്തി. ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കുറ്റം ചെയ്തതായി ചേമ്പറിന് മുന്നിലേക്ക് വിളിച്ചു വരുത്തി വായിച്ചു കേൾപ്പിച്ച ശേഷമാണ് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്ന് ജഡ്ജി ആരാഞ്ഞത്.

വിധി പ്രസ്താവിച്ചത് രണ്ടാമത് കോടതി കൂടിയ ശേഷം

രാവിലെ കൃത്യം 11 മണിക്ക് കോടതി നടപടി തുടങ്ങിയ ഉടനെ ജഡ്ജി കേസ് വിളിച്ചിരുന്നു. 20 മിനുട്ട് കൊണ്ട് പ്രതികൾക്ക് പറയാനുള്ളതും പ്രോസിക്യൂഷനും പ്രതിഭാഗം വക്കീലിനും പറയാനുള്ളതും കേട്ട ശേഷം വിധി അല്പം കഴിഞ്ഞു പ്രഖ്യാപിക്കുമെന്ന് പറഞ്ഞു മജിസ്‌ട്രേറ്റ് ചേംബർ വിട്ടുപോയി. പിന്നീട് 12 മണിക്ക് വീണ്ടും എത്തിയ ഉടനെ നടപടിക്രമങ്ങൾ പൂർത്തിയാക്കി അഞ്ചു മിനിറ്റിനകം പ്രതികൾക്കുള്ള ശിക്ഷ പ്രഖ്യാപിച്ച ശേഷം കോടതി പിരിയുകയായിരുന്നു.