പയ്യന്നൂർ: പാതി വഴിയിൽ നിലച്ച മൾട്ടി പർപ്പസ് സ്റ്റേഡിയം നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പുനരാരംഭിക്കുമെന്ന് ടി.ഐ. മധുസൂദനൻ എം.എൽ.എ അറിയിച്ചു. കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് പയ്യന്നൂർ മൾട്ടി പർപ്പസ് സ്റ്റേഡിയം നിർമ്മിക്കുന്നതിന് 14.85 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭിച്ചത്. ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് 2021 ഫെബ്രുവരിയിൽ അന്നത്തെ കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജനാണ് പ്രവൃത്തി ഉദ്ഘാടനം ചെയ്യതത്. കരാർ ഏറ്റെടുത്ത പെരുമ്പാവൂരിലെ ലീ ബിൽഡേർസ് മേയ് മാസത്തിലാണ് പ്രവൃത്തി ആരംഭിച്ചത്. പൈലിംഗ് പ്രവൃത്തികളാണ് ഇതുവരെ പൂർത്തിയായിട്ടുള്ളത്. കിഫ്ബിയുമായി ബന്ധപ്പെട്ട

ചില സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് നിലവിൽ പ്രവൃത്തിക്ക് തടസ്സം നേരിട്ടതെന്ന് എം.എൽ.എ.പറഞ്ഞു.

മുൻസിപ്പൽ സ്റ്റേഡിയം, ഫുട്ബാൾ സ്റ്റേഡിയം എന്നിങ്ങനെ രണ്ട് സ്റ്റേഡിയത്തിനുമായി യഥാക്രമം 8.11 കോടിയും 6.74 കോടിയുമാണ് അനുവദിച്ചത്. അംഗീകരിച്ച പ്ലാനിൽ മുൻസിപ്പൽ സ്റ്റേഡിയത്തിൽ സ്വിമ്മിംഗ് പൂൾ, ഇൻഡോർ സ്റ്റേഡിയം, ടോയ്ലറ്റ്, ചെയ്ഞ്ചിംഗ് റൂം എന്നിവയും ഫുട്ബാൾ സ്റ്റേഡിയവും ആണ് ഉണ്ടായിരുന്നത്.

ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉള്ളിൽ ഗ്യാലറി പ്രസ്തുത പ്ലാനിൽ ഉണ്ടായിരുന്നില്ല. അത് കൂടി ഉൾപ്പെടുത്താൻ കിഫ്ബിയെ സമീപിച്ചെങ്കിലും ഫണ്ടിന്റെ പരിമിതികാരണം പുതിയ കൊമ്പോണന്റ് ഉൾപ്പെടുത്താൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. ഇൻഡോർ സ്റ്റേഡിയത്തിൽ ഗ്യാലറി അനിവാര്യമായതിനാൽ അതിനാവശ്യമായ 60 ലക്ഷം രൂപ നഗരസഭ അനുവദിക്കാൻ തീരുമാനിക്കുകയും വിവരം കിഫ്ബിയെ അറിയിക്കുകയുമായിരുന്നു.

നിലവിൽ പ്രശ്നങ്ങളെല്ലാം പരിഹരിക്കുകയും പാർട്ട് ബിൽ അനുവദിക്കുകയും ചെയ്തതായും, പ്രവൃത്തിയുടെ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയ കിറ്റ്കോ അധികൃതരുമായും കോൺട്രാക്ടർ പ്രതിനിധികളുമായും ചർച്ച ചെയ്യുകയും പ്രവൃത്തി എത്രയും പെട്ടെന്ന് പുനരാരംഭിക്കാൻ തീരുമാനിച്ചതായും എം.എൽ.എ അറിയിച്ചു.