പഴയങ്ങാടി: മാടായി തിരുവർക്കാട്ട് കാവിലെ കലശ മഹോത്സവത്തിന്റെ ഭാഗമായുള്ള കലശത്തട്ട് പറി നടത്തി കുഞ്ഞിമംഗലം കൊട്ടാരം തറവാട്. 1700 വർഷം പഴക്കമുള്ള ആചാരമാണ് കലശതട്ട്. ഇന്നലെ രാവിലെ സൂര്യോദയത്തിന് മുമ്പായി മൊതകലശം നിവേദ്യമായി അർപ്പിച്ചതോടെയാണ് കലശത്തട്ടിന് തുടക്കമായത്. 33ഓളം കവുങ്ങിൻ പൂക്കുല, രണ്ട് ക്വിന്റൽ ചെക്കിപ്പൂ, ഒരു സേർ എരിക്കിൻപൂ ഇവ ഉപയോഗിച്ചാണ് കലശത്തട്ട് അലങ്കരിക്കുന്നത്.
രണ്ട് മണിയോടെ അലങ്കാര പ്രവൃത്തി പൂർത്തീകരിച്ച് ശേഷം അന്നദാനം നടത്തി നാല് മണിയോടെ "ബിയോം" എന്ന വിളിയോട് കൂടി കലശത്തട്ട് എഴുന്നള്ളിച്ചു. പ്രത്യേകം നിയോഗിക്കപ്പെട്ടവർ തട്ട് ചുമലിലിൽ ഏറ്റി വയലപ്ര അണിയക്കര പൂമാല ഭഗവതി ക്ഷേത്രം, രാമപുരം മഹാവിഷ്ണു ക്ഷേത്രം, അടുത്തില തെരു ഭഗവതി ക്ഷേത്രം വഴി മാടായിക്കാവിലെ വള്ളിക്കെട്ടിന് സമീപം നിലയുറപ്പിച്ചു. ആചാരക്കാരനായ "മേനോ തീയ്യൻ" ഓലക്കുടയും ആചാര വടിയുമായി തട്ടിനെ എതിരേറ്റു ക്ഷേത്ര സന്നിധിയിൽ അർപ്പിക്കുകയും ക്ഷേത്രത്തിലെ മൂത്ത പിടാരർ വന്ന് തട്ടിന് അരി ഇട്ട് ഭഗവതിയുടെ മുടി ഉയരുന്നതോടെയാണ് ഭക്തജനങ്ങൾ കൂട്ടത്തോടെ തട്ട്പറി ആരംഭിച്ചത്.
തട്ടിൽ നിന്ന് പറിച്ച് കിട്ടുന്ന പൂവും കവുങ്ങിൻ പൂക്കുലയും സമൃദ്ധിയും ഐശ്വര്യവും ഉണ്ടാക്കും എന്നാണ് വിശ്വാസം. അതിനാൽ ഭക്തജനങ്ങൾ ഒരു വർഷം വരെ വീടുകളിൽ ഇവ സൂക്ഷിച്ച് വെക്കുന്നു.
ആദ്യ കാലങ്ങളിൽ പട്ടുവം ,വെങ്ങര, മാട്ടൂൽ തെക്കുമ്പാട് എന്നിവിടങ്ങളിലെ തറവാട്ടുകാർ കൂടി ഈ ആചാരം നടത്തിയിരുന്നുവെങ്കിലും കാലക്രമേണ അവർ പിൻവലിയുകയായിരുന്നുവത്രെ. കുഞ്ഞിമംഗലം കൊട്ടാരം തറവാട്ടിലെ ഇളം തലമുറയായ പ്രശസ്ത ജ്യോത്സ്യൻ കൊട്ടാരം വീട്ടിൽ വത്സലനാണ് 28 വർഷമായി സ്വന്തം ചെലവിൽ ഈ ആചാരം തുടർന്ന് കൊണ്ടുപോകുന്നത്. തന്റെ ജീവിത അവസാനം വരെ ആചാരം തുടരുമെന്ന് വത്സലൻ പറഞ്ഞു.