poonoor
പൂനൂർ പുഴ

@ പ്രകൃതി സൗന്ദര്യം വീണ്ടെടുക്കാൻ ഒറ്റക്കെട്ടായി നിൽക്കണം: മന്ത്രി എ.കെ.ശശീന്ദ്രൻ

കോഴിക്കോട്: ജില്ലയിലെ പ്രധാന പുഴകളിലൊന്നായ പൂനൂർ പുഴയിൽ ഇനി തെളിനീരൊഴുകും. 'തെളിനീരൊഴുകും നവകേരളം' ക്യാമ്പയിനിന്റെ ഭാഗമായാണ് പൂനൂർ പുഴയ്ക്കും ഒഴുക്ക് വീണ്ടെടുക്കുന്നത്. പുഴ ശുചീകരണത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം വനംമന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിച്ചു. പ്രകൃതി സൗന്ദര്യം സംരക്ഷിക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് മന്ത്രി പറഞ്ഞു.

മനോഹരമായ മുളങ്കാടുകൾ പുഴയോരങ്ങളിൽ വച്ചുപിടിപ്പിക്കണം. കോർപ്പറേഷനും പഞ്ചായത്തും സംയുക്തമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മനോഹരമായ വിനോദ കേന്ദ്രമായി പ്രദേശത്തെ മാറ്റാൻ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. മേയർ ഡോ. ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.
തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയായി. ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.പ്രകാശ് ജലപ്രതിജ്ഞ ചൊല്ലി കൊടുത്തു.

പറമ്പിൽ കടവ് മുതൽ ചിറ്റംവീട് ബണ്ട് വരെയാണ് ശുചീകരിക്കുന്നത്. ആയിരത്തിലധികം വോളണ്ടിയർമാർ 11 സെക്ടറിലായാണ് ശുചീകരണം നടത്തുന്നത്. ശേഖരിക്കുന്ന മാലിന്യം ഗ്രീൻകേരള കമ്പനിയ്ക്ക് കൈമാറും. വരും ദിവസങ്ങളിലും ശുചീകരണം തുടരും.ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സുനിൽ കുമാർ, കോർപ്പറേഷൻ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഡോ.ജയശ്രീ, കക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ടി.വിനോദ്, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഷീബ സ്വാഗതവും കൗൺസിലർ ഒ.സദാശിവൻ നന്ദിയും പറഞ്ഞു.