mango
ഇ​തൊ​ക്കെ​ ​എ​ന്ത് ​!... കാ​ലി​ക്ക​റ്റ് ​അ​ഗ്രി​ ​ഹോ​ൾ​ട്ടി​ ​ക​ൾ​ച്ച​ർ​ ​സൊ​സൈ​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഗാ​ന്ധി​ ​പാ​ർ​ക്കി​ൽ​ ​ന​ട​ത്തി​യ​ ​മാ​മ്പ​ഴ​ ​തീ​റ്റ​ ​മ​ത്സ​ര​ത്തി​ൽ​ ​ഒ​ന്നാം​സ്ഥാ​നം​ ​നേ​ടി​യ​ ​സു​നീ​ന്ദ്രൻ. ഫോട്ടോ : രോ​ഹി​ത്ത് ​ത​യ്യിൽ

കോഴിക്കോട്: മാമ്പഴപ്രേമികൾ കാത്തിരുന്ന ദിവസമായിരുന്നു ഇന്നലെ. 27 വർഷമായി കാലിക്കറ്റ് അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന മാമ്പഴ തീറ്റ മത്സരം മാമ്പഴപ്രേമികൾക്ക് മത്രമല്ല കാണികൾക്കും ആവേശമായിരുന്നു. മാമ്പഴ പ്രദർശന വേദിയായ ഗാന്ധിനഗറിൽ വൈകിട്ട് നാലിന് ആരംഭിച്ച മത്സരത്തിൽ വനിതകളിലും പുരുഷന്മാരിലും അഞ്ചുപേർ വീതമാണ് മത്സരിച്ചത്. വർഷങ്ങളായി പങ്കെടുക്കുന്നവരും ഈ ദിവസം കാത്തിരുന്ന് മത്സരിക്കാനെത്തി. രണ്ടു മിനിട്ട് കൊണ്ട് രണ്ടര കിലോ മാങ്ങ കഴിക്കണം. തീരുന്നതിനനുസരിച്ച് ഒരു കിലോ മാങ്ങ വീതം വീണ്ടും നൽകും. അഡ്വ. എം രാജന്റെ ആവേശമാർന്ന കമന്ററിയും കൂടെയായപ്പോൾ മത്സരം കൊഴുത്തു. മാമ്പഴ പ്രദർശനം കാണാനെത്തിയവരും കേട്ടറിഞ്ഞവരുമെത്തി കൈയ്യടികളോടെ മത്സരാർത്ഥികളെ പ്രോത്സാഹിപ്പിച്ചു. ദമ്പതികളായ വാഹികയും സുനീന്ദ്രനും മത്സരിച്ചതും മത്സരം രസകരമാക്കി.

വനിതകളിൽ 635 ഗ്രാം മാങ്ങ തിന്ന് ഇത്തവണയും വിജയ രാജഗോപാലൻ വിജയിച്ചു. പതിനൊന്ന് വർഷമായി ചക്കോരത്തുകുളംകാരിയായ വിജയ തന്നെയാണ് ജേതാവ്. രണ്ടാം സ്ഥാനം കോട്ടുളി സ്വദേശി വാഹികയും മൂന്നാം സ്ഥാനം എലത്തൂർ സ്വദേശിനി ശുഭയും സ്വന്തമാക്കി. പുരുഷന്മാരിൽ ഒന്നാം സ്ഥാനം കോട്ടുളിക്കാരനായ എൻ.പി സുനീന്ദ്രൻ 490 ഗ്രാം മാങ്ങ തിന്ന് സ്വന്തമാക്കി. പാലക്കാട് നിന്നുമെത്തിയ ബി.ര‌‌ഞ്ജിത്തും സുജിത്തും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി സെക്രട്ടറി അജിത്ത് കൂരിത്തടം, ജനറൽ കൺവീനർ സുന്ദർ രാജ്‌ലു, കിഷൻചന്ദ് തുടങ്ങിയവർ സമ്മാനദാനം നിർവഹിച്ചു. ഇന്ത്യയിലെ വിവിധയിനം മാമ്പഴങ്ങൾ പരിചയപ്പെടുത്തുന്ന മാമ്പഴപ്രദർശനം ഏപ്രിൽ 28 മുതലാണ് ആരംഭിച്ചത്. മേയ് നാലിന് അവസാനിക്കും.