വർഗീയതയെ ചെറുക്കാൻ തൊഴിലാളി ഐക്യം അനിവാര്യം : എളമരം കരീം എം.പി.
കോഴിക്കോട്: അദ്ധ്വാനിക്കുന്ന വർഗത്തിന്റെ ഐക്യപ്രഖ്യാപനമായി സാർവദേശീയ തൊഴിലാളി ദിനം. ജില്ലയിലെമ്പാടും തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. കോഴിക്കോട് നഗരത്തിൽ നടന്ന ജില്ലാതല മേയ് ദിന റാലിയും പൊതുസമ്മേളനവും സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി ഉദ്ഘാടനം ചെയ്തു. വർഗീയത പ്രചരിപ്പിക്കുന്നവരെ അകറ്റിനിർത്താൻ തൊഴിലാളികൾ ഐക്യത്തോടെ പ്രവർത്തിക്കണമെന്ന് കരീം പറഞ്ഞു.
തൊഴിലാളി വർഗ ഐക്യം തകർക്കലാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. വർഗീയ സംഘട്ടനങ്ങൾ സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ബി.ജെ.പിയുടെയും കേന്ദ്രസർക്കാർ നീക്കത്തെയും ഗൗരവമായി കാണണമെന്ന് അദ്ദേഹം പറഞ്ഞു.
എ. പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ ട്രഷറർ ടി. ദാസൻ എൽ.ഐ.സി സംരക്ഷണ പ്രതിജ്ഞയെടുത്തു. പി.കെ. നാസർ (എ.ഐ.ടി.യു.സി), ഹംസ (എഫ്.എസ്.ഇ.ടി.ഒ), എം. വിജയകുമാർ (ബി.എസ്.എൻ.എൽ.ഇ.യു), ഐ .കെ. ബിജു(എൽ.ഐ.സി.ഇ.യു), ദേവദാസ് (ഡബ്ല്യു.സി.സി),പി.വി. മാധവൻ (ജോയിന്റ് കൗൺസിൽ) എന്നിവർ പ്രസംഗിച്ചു. പി.കെ.സന്തോഷ് സ്വാഗതം പറഞ്ഞു.
മേയ് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കായിക മത്സര വിജയികൾക്ക് എളമരം കരീം സമ്മാനം വിതരണം ചെയ്തു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.നഗരത്തിൽ നടന്ന റാലിയിൽ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു.
കുറ്റ്യാടി: കക്കട്ടിൽ നടന്ന തൊഴിലാളി റാലിയും പൊതുസമ്മേളനവും സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.കെ.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി.ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. വി.നാണു, പി.സുരേഷ്ബാബു, എ.എം.റഷീദ്, കെ.കെ.സുരേഷ്, എം.കെ.ശശി, കെ.ടി. രാജൻ, ഏ.കെ.നാരായണി, ടി.കെ.ബിജു, സി.എൻ.ബാലകൃഷ്ണൻ, കെ.പി.പവിത്രൻ, കെ.കെ.നന്ദൻ എന്നിവർ പ്രസംഗിച്ചു.
പേരാമ്പ്ര: പേരാമ്പ്രയിൽ സി.പി.ഐയും സി.പി.എമ്മും സംയുക്തമായി സംഘടിപ്പിച്ച റാലിയിലും പൊതുയോഗത്തിലും നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു.ചെമ്പ്ര റോഡ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി പേരാമ്പ്ര കമ്യൂണിറ്റി ഹാളിന് സമീപം സമാപിച്ചു . പൊതുയോഗം ടി.പി.രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം എ.കെ.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം നേതാവ് എം.വി.ജയരാജൻ, എ.ഐ.ടി.യു.സി നേതാവ് പി.കെ.നാസർ, എ.കെ.പത്മനാഭൻ, എ.കെ.ബാലൻ, കെ.സുനിൽ തുടങ്ങിയവർ പങ്കെടുത്തു. റാലിയ്ക്ക് ടി.കെ. ലോഹിതാക്ഷൻ, കെ.കെ.ഭാസ്കരൻ, ശശികുമാർ പേരാമ്പ്ര, എ.ജി.രാജൻ, പി.കെ.സുരേഷ്, ശശി കിഴക്കൻ പേരാമ്പ്ര, എം.കുഞ്ഞമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.
മുക്കം: മുക്കത്ത് സി.പി.ഐയും സി.പി.എമ്മും വിവിധ ഇടതു തൊഴിലാളി സംഘടനകളും സംയുക്തമായി റാലിയും പൊതുസമ്മേളനവും നടത്തി. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി തിരുവമ്പാടി മണ്ഡലം സെക്രട്ടറി കെ.ഷാജികുമാർ അദ്ധ്യക്ഷത വഹിച്ചു. ടി.വിശ്വനാഥൻ, വി.കെ.വിനോദ്, ജോണി ഇടശ്ശേരി, കെ.ടി.ബിനു, വി.കെ.അബൂബക്കർ, എം.വി.കൃഷ്ണൻകുട്ടി, പി.ടി.ബാബു, ടി.സി.ബസന്ത് എന്നിവർ പ്രസംഗിച്ചു.
ഫറോക്ക്, കൊയിലാണ്ടി, വടകര, കൊടുവള്ളി, കക്കോടി, കുഞ്ഞിപ്പള്ളി, പുറമേരി, ബാലുശേരി, കുന്ദമംഗലം എന്നിവിടങ്ങളിലും മേയ്ദിന റാലികൾ നടന്നു.