നാദാപുരം: നാദാപുരത്ത് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന കടകൾ പെരുകുന്നു. ബേക്കറികളും ഭക്ഷണ സാധനങ്ങൾ പാകം ചെയ്ത് വില്പന നടത്തുന്നവയുമാണ് ഇവയിൽ ഏറെയും. പഞ്ചായത്തിലെ പ്രധാന ടൗണായ കല്ലാച്ചിയിൽ മുൻപ് തുണിക്കടയായും മലഞ്ചരക്ക് കടയായും മറ്റും പ്രവർത്തിച്ചിരുന്ന നിരവധി കടകൾ ഇപ്പോൾ പാകം ചെയ്ത ഭക്ഷണ സാധനങ്ങൾ വില്ക്കുന്ന കടകളായി മാറ്റിയിട്ടുണ്ട്‌. പാചക സ്ഥലം പോലും ഇല്ലാത്ത ഇത്തരം കടകൾ ചായക്കടകളായും കഫ്റ്റേറിയകളായും ജ്യൂസ് കടകളായും പ്രവർത്തിക്കുന്നത് പഞ്ചായത്തിൽ നിന്നുള്ള ലൈസൻസോ ആരോഗ്യ വകുപ്പിന്റെ അനുമതിയോ ഇല്ലാതെയാണ്. പാചകം ചെയ്ത ലഘുഭക്ഷണ സാധനങ്ങൾ ഈ കടകളിൽ മറ്റ് സ്ഥലങ്ങളിലെ വിതരണക്കാർ എത്തിച്ചു നല്കുകയാണ് പതിവ്. മതിയായ ശുചിത്വ നിലവാരമില്ലാതെയാണ് മിക്കവയും പ്രവർത്തിക്കുന്നത്. ഇത്തരം കടകളിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവങ്ങളും നിരവധിയാണ്.

 കർശന നടപടിയുമായി പഞ്ചയാത്ത്

ഭക്ഷണസാധനങ്ങൾ പാകം ചെയ്തും , അല്ലാതെയും വില്പന നടത്തുന്ന അനധികൃത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ബേക്കറികൾ ,ഹോട്ടലുകൾ ,കൂൾബാറുകൾ ,ഫാസ്റ്റ് ഫുഡ് വിൽപ്പന കേന്ദ്രങ്ങൾ ,കാറ്ററിംഗ് യൂണിറ്റുകൾ എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും പഞ്ചായത്ത് പരിധിയിൽ തട്ടുകടകൾ അനുവദിക്കുന്നതല്ലെന്നും പാതയോരങ്ങളിലും വാഹനങ്ങ‍ളിലും ഐസ്ക്രീം,​ ശീതള പാനീയങ്ങൾ,​ ‍ഉപ്പിലിട്ട ഉത്പന്നങ്ങൾ എന്നിവയുടെ വില്പന അനുവദിക്കില്ല.

അനധികൃ വില്പന തടയുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കും,​ രാത്രിയിൽ പ്രത്യേക പരിശോധനകൾ നടത്തും.

ടി.പ്രേമാനന്ദൻ

സെക്രട്ടറി ഇൻ ചാർജ്