bsf
ബി.എസ്.എഫ് കേന്ദ്രം

കോഴിക്കോട്: ചെക്യാട് പഞ്ചായത്തിലെ അരീക്കരക്കുന്ന് ബി.എസ്.എഫ് പരിശീലന കേന്ദ്രം ജില്ലാ കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി സന്ദർശിച്ചു. കേന്ദ്രത്തിൽ സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ ഉടൻ ഇടപെടുമെന്ന് കലക്ടർ പറഞ്ഞു.

അരീക്കരക്കുന്നിൽ സംസ്ഥാന സർക്കാർ അനുവദിച്ച 55 ഏക്കർ സ്ഥലത്ത് 2018ലാണ് അതിർത്തിരക്ഷാ സേനയുടെ പരിശീലന കേന്ദ്രം ആരംഭിക്കുന്നത്.
സേനാംഗങ്ങളുടെ താമസം, ബാരക്കുകൾ, ആയുധപ്പുര, ബാങ്ക്, വാഹന ഗാരേജുകൾ എന്നീ സൗകര്യങ്ങളാണ് ഇപ്പോൾ ഇവിടെയുളളത്. 2021 ജൂലായിൽ കെ.മുരളീധരൻ എം.പി സ്ഥലം സന്ദർശിച്ച് സൗകര്യ കുറവുകൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് വ്യക്തമാക്കിയിരുന്നു. കാര്യങ്ങൾ കളക്ടറെ ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ സന്ദർശനം.

കമാൻഡന്റ് പ്രഖാർ ത്രിവേദി, ഡെപ്യൂട്ടി കമാൻഡന്റുമാരായ കെ.ആർ.അനൂപ്, നവനീത് ശ്രീവാസ്തവ് എന്നിവർ കളക്ടറെ സ്വീകരിച്ചു. ചെക്യാട് പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം, വൈസ് പ്രസിഡന്റ് കെ.പി.കുമാരൻ, വാർഡ് മെമ്പർമാരായ റംല കുട്ട്യാപ്പണ്ടി എന്നിവരും കളക്ടറോടൊപ്പം സ്ഥലത്തെത്തി.