സുൽത്താൻ ബത്തേരി: പൂക്കളുടെ നഗരമായ ബത്തേരിയിൽ കാറ്റിൽ നിലംപൊത്തിയ പൂമരം മണിക്കൂറുകളുടെ പ്രയത്നഫലമായി പൂർവ്വസ്ഥിതിയിൽ നിലനിർത്തി. ബത്തേരി ട്രാഫിക് ജംഗ്ഷനിൽ മനോഹരമായ കാഴ്ചയും ആളുകൾക്ക് തണലുമേകിയിരുന്ന കൂറ്റൻ ബോഗെൻവില്ലയാണ് തിങ്കളാഴ്ച വൈകുന്നേരം വീശിയടിച്ച കൊടുംകാറ്റിൽ നിലംപൊത്തിയത്. പലരും ഈ പൂമരത്തിന്റെ പതനം സോഷ്യൽ മീഡിയവഴി പങ്കുവെച്ചു. വിവരം മുൻസിപ്പൽ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെ നഗരസഭ പൂമരം പുനസ്ഥാപിക്കാൻ നടപടിയാരംഭിച്ചു.
ട്രാഫിക് ജംഗ്ഷനിലെ റോഡിന് നടുവിലായാണ് ട്രാഫിക് ഡ്യുട്ടിയിലുള്ള പൊലീസുകാരുൾപ്പെടെയുള്ളവർക്ക് തണലേകികൊണ്ട് പൂമരം നിലനിന്നിരുന്നത്. ടാറിട്ട റോഡിൽ നട്ടുപിടിപ്പിച്ച ബോഗൻവില്ല ഇരുമ്പ് തൂണിലായിരുന്നു ബന്ധിച്ചു നിർത്തിയിരുന്നത്. കാറ്റിൽ ഇരുമ്പ് തൂണ് ചുവടോടെ മറിഞ്ഞ് വീഴുകയായിരുന്നു.

മഴയും കാറ്റും ശമിച്ചതോടെ നഗരസഭ ശുചീകരണ തൊഴിലാളികൾ എത്തി, ബത്തേരിയിലെ വികസന കൂട്ടായ്മയുടെയും സംഘടനകളുടെയും സഹകരണത്തോടെ ട്രാക്ടറിൽ മരം ബന്ധിച്ച് ഉയർത്തി പഴയ സ്ഥാനത്ത് തന്നെ വെച്ച് പിടിപ്പിച്ചു. പൂക്കളും ഇലകളും ശിഖരങ്ങളുടെ കുറെ ഭാഗവും വെട്ടി മാറ്റിയശേഷമാണ് പഴയസ്ഥിതിയിൽ സ്ഥാപിച്ചത്.
ക്ലീൻ സിറ്റി, ഗ്രീൻ സിറ്റി, ഫ്ളവർ സിറ്റി എന്നറിയപ്പെടുന്ന സുൽത്താൻ ബത്തേരി കേരളത്തിലെ ഏറ്റവും വൃത്തിയും ശുചിത്വവുമുള്ള പട്ടണമാണ്. നടപാതകൾക്കിരുവശവുമുള്ള കൈവരികളിൽ പൂച്ചട്ടിവെച്ച് പൂക്കൾ പരിപാലിച്ചുവരുന്ന ഏക പട്ടണവുംകൂടിയാണ്.