സുൽത്താൻ ബത്തേരി: കഴിഞ്ഞ ദിവസം മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ നിരവധി വീടുകൾക്ക് കേടുപാട് സംഭവിക്കുകയും ലക്ഷങ്ങളുടെ കാർഷിക നാണ്യവിളകൾ നശിക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം ബത്തേരിയിലും പരിസരപ്രദേശങ്ങളിലുമായി ഉണ്ടായ ഇടിമിന്നലിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മഴയോടൊപ്പംം വീശിയടിച്ച കാറ്റിൽ അഞ്ച് വീടുകൾ തകർന്നു.
കോളിയാടി കൊന്നമ്പറ്റ കോളനിയിലെ ബിനു (40) ആണ് സുഹൃത്തുക്കളോടൊപ്പം വൈകുന്നേരം വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ഇടിമിന്നലേറ്റ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹപ്രവർത്തകരായ രതീഷ്, ഷിബു എന്നിവർക്ക് പരിക്കേറ്റു. മണിച്ചിറ പാടിയാനിക്കൽ ബിനുവിന്റെ വീടിന്റെ മേൽഭാഗം തകർന്ന് നാല് പേർ വീടിനകത്ത് പെട്ടുപോയി. ബിനുവിന്റെ ഭാര്യ അമ്പിളി മാത്യു, മക്കളായ അക്ഷയബിനു,അതുൽബിനു, അൽഫോൺസ് ബിനു എന്നിവരെ ബത്തേരിയിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് രക്ഷപ്പെടുത്തിയത്. ആർക്കും പരിക്കില്ല.
ചെട്ടിമൂലയിൽ മലന്തോട്ടംകൊല്ലി നാസറിന്റെ വീടിന് മുകളിൽ മരം വീണ് വീട് തകർന്നു. ഈസമയത്ത് വീട്ടിൽ നാസറിന്റെ ഭാര്യയും മക്കളും ഉണ്ടായിരുന്നങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബീനാച്ചിയിൽ കെ.സി.ജോയിയുടെ വീടിന് മുകളിലും കൈപ്പഞ്ചേരിയിൽ സ്റ്റീഫൻ ഷാജുവിന്റെ വീടിന് മുകളിലും കമുക് വീണ് വീടിന് നാശം സംഭവിച്ചു. കൈപ്പഞ്ചേരിയിലെ ജേക്കബ്ബിന്റെ വീടിന്റെ രണ്ടാം നിലയിൽ നിർമ്മിച്ച റൂമുകളുടെ അലുമിനിയം ചാനലുകൾ മിന്നലേറ്റ് കരിഞ്ഞുപോയി.
മീനങ്ങാടിയിലും ബത്തേരി കല്ലുവയലിലും മരം വീണ് മണിക്കൂറുകളോളം ഗതാഗം തടസപ്പെട്ടു. ഫയർഫോഴ്സ് എത്തി മരം മുറിച്ച് നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. സ്റ്റേഷൻ ഓഫീസർ നിധീഷ്‌കുമാർ, അസി.സ്റ്റേഷൻ ഓഫീസർ ഭരതൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനങ്ങൾ നടത്തിവന്നത്.

ഫോട്ടോ--രക്ഷ
കാറ്റിലും മഴയിലും മണിച്ചിറ പാടിയാനിക്കൽ ബിനുവിന്റെ വീടിന്റെ മേൽഭാഗം തകർന്ന് അടിയിൽപ്പെട്ടവരെ രക്ഷിക്കാനുള്ള ഫയർഫോഴ്സിന്റെ ശ്രമം