news
പൊട്ടി ഒഴുകി പാഴാവുന്ന കുടിവെള്ളം

കുറ്റ്യാടി: ജലസ്രോതസുകൾ സംരക്ഷിക്കാൻ സർക്കാർ പ്രഖ്യാപിച്ച തെളിനീരൊഴുകും നവകേരളം പദ്ധതി നാട്ടിലെങ്ങും നടക്കുമ്പോൾ, കുറ്റ്യാടി, മൊകേരി ഭാഗങ്ങളിലെ പൊതുസ്ഥലങ്ങളിൽ ശുദ്ധജലം റോഡരികിലെ ഓവുചാലുകളിലൂടെയും മറ്റും ഒഴുകി പാഴാവുകയാണ്. കടുത്ത വേനലിൽ കുടിവെള്ള ക്ഷാമം നേരിടുമ്പോൾ വിതരണം ചെയ്യേണ്ട ശുദ്ധജലമാണ് ഒഴുകി പാഴാവുന്നത്. കുറ്റ്യാടി ടൗൺ പരിസരങ്ങൾ അമ്പലകുളങ്ങര, തൊട്ടിൽ പാലം റോഡുകളിലും പൈപ്പ് പൊട്ടി കുടിവെളളം ഒഴുകുന്നത് കാണാം. നാട്ടുകാർ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചാൽ പോലും പഴയ സ്ഥിതിക്ക് മാറ്റമില്ല. ഇത്തരത്തിൽ കുടിവെള്ളം പാഴാവുന്നതിന്ന് പുറമേ പൈപ്പ് ലൈൻ കടന്ന് പോവുന്ന വഴികളിലെ മിക്ക റോഡുകളും തകർന്ന് കിടക്കുകയാണ്. പൊട്ടിയ പൈപ്പ് ലൈനുകൾ മാറ്റാൻ ജല അതോറട്ടി വിഭാഗം റോഡ് കുത്തി പൊളിച്ച് അറ്റകുറ്റപണി നടത്തിയാലും പണി നടന്ന റോഡ് പൂർവസ്ഥിതിയിലാക്കാൻ ബന്ധപെട്ട മരാമത്ത് വകുപ്പ് ശ്രമിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. ടാറിംഗ് നടത്തുന്നതിന് മുമ്പ് പഴകിയ പൈപ്പുകൾ മാറ്റാത്തതിനാലാണ്, കോടികൾ മുടക്കി നിർമ്മിക്കുന്ന റോഡുകൾ പ്രവൃത്തിക്ക് ശേഷം കുത്തിപ്പൊളിക്കേണ്ടി വരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. അത്യാധുനിക സംവിധാനങ്ങളുള്ള, വലിയ ഭാരമുള്ള വാഹനങ്ങൾ ഉപയോഗിച്ചാണ് റോഡുകളുടെ നിർമാണപ്രവൃത്തി നടക്കുന്നത്. ഈ സമയം റോഡിനടിയിലെ പഴക്കമുളള പൈപ്പുകൾ പൊട്ടാനുള്ള സാധ്യതയും ഏറെയാണെന്നും ആശങ്ക ഉയർത്തുന്നുണ്ട്.

ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴാവുന്നതിനൊപ്പം , കുടിവെള്ള പൈപ്പുകൾ പൊട്ടി പൊതുവഴികൾ തകരുന്നതും ബന്ധപെട്ട അധികാരികൾ ശ്രദ്ധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണം"

അർജുൻ കായക്കൊടി

വൈസ് പ്രസിഡന്റ് യൂത്ത് കോൺഗ്രസ്

നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി